തെളിവുണ്ടോ എന്ന് ചോദിച്ച ബിജെപിക്ക് ‘പിണറായി വക ഇരുട്ടടി’; വാര്‍ത്താ സമ്മേളനത്തില്‍ തെളിവ് ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി: വീഡിയോ

single-img
21 April 2019

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റ തെളിവ് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിന് തെളിവുണ്ടോ എന്നാണ് ബി.ജെ.പി ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് അവര്‍ ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി.

‘നരേന്ദ്രമോദിയാണ് ഞാന്‍ എന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണ് അത്. ഞാന്‍ കളവുപറയാറില്ല സാധാരണ. ഉള്ള കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. തെളിവ് ഉണ്ടോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചോദിച്ചാലോ എന്ന് കരുതി ആ കടലാസും എടുത്താണ് ഞാന്‍ ഇവിടെ വന്നത്.

അതിന്റെ നമ്പര്‍ പറയാം 11034/01/2018 ഐ.എസ് ഐ.ബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍’ എന്ന് പറഞ്ഞായിരുന്നു 144 പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കുലറിലെ വാചകങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്.

കേന്ദ്ര ഗവണ്‍മെന്റിന് ഈ നിലപാടേ എടുക്കാന്‍ പറ്റുള്ളൂവെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയാണെന്നുള്ളതുകൊണ്ട് അതില്‍ മാറ്റമില്ലെന്നും പിണറായി പറഞ്ഞു. ‘ഇപ്പോള്‍ അദ്ദേഹം വന്നിട്ട് സുപ്രീം കോടതി വിധിക്ക് എതിരായി സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള കേന്ദ്ര ഗവര്‍മെന്റിന് ഇതേ നിലപാടേ എടുക്കാന്‍ പറ്റൂ. അതുതന്നെയാണ് ഇവിടെ സംസ്ഥാനസര്‍ക്കാരും എടുത്തിട്ടുള്ളതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

" ഞാൻ നരേന്ദ്ര മോദി ആണെന്നു കരുതിയാകും ചോദിക്കുന്നത്. ഞാൻ കള്ളം പറയാറില്ല"

ശബരിമലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ കേന്ദ്രം നിർദ്ദേശിച്ചതിന്റെ തെളിവ് ഉണ്ടല്ലോ. നരേന്ദ്രമോദി വന്നിട്ട് സുപ്രീംകോടതി വിധിയുടെ സ്പിരിറ്റിനെതിരെ സംസാരിക്കുന്നുണ്ടെങ്കിലുംപ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള കേന്ദ്ര ഗവൺമെന്റിന് ഈ നിലപാടേ എടുക്കാൻ പറ്റൂ. അതുതന്നെയാണ് ഇവിടെ സംസ്ഥാനസർക്കാരും എടുത്തിട്ടുള്ളത്.

Posted by Pinarayi Vijayan on Sunday, April 21, 2019