തന്നെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാൻ സിപിഎം ശ്രമിക്കുന്നു: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ

single-img
21 April 2019

തന്നെയും കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽ തെറ്റിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന ആരോപണവുമായി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് തന്നെയും കോണ്‍ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുപ്പ് നടത്തുവാനാണ് സിപിഎം ശ്രമിക്കുന്നത്.

കൊല്ലം മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാരെ ആരെയും കാണാനില്ല എന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. പത്രസമ്മേളനം നടത്തിയാണ്

അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. താന്‍ അഭിമാനപൂര്‍വ്വം പറയാന്‍ ആഗ്രഹിക്കുന്നു. ദേശീയ നേതാക്കള്‍ മുതല്‍ ബൂത്ത് തലം വരെയുളള നേതാക്കള്‍ അവരുടെ നേതാക്കന്മാരെക്കാള്‍ തന്നെ നെഞ്ചേറ്റുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ഫേസ്ബുക്ക് വീഡിയോയിലുടെ  വ്യക്തമാക്കി.

ഒരു പ്രവര്‍ത്തകന്‍ പോലും മണ്ഡലത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ആർഎസ്പിക്ക് ഒരു ഷാഡോ കമ്മറ്റി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന ഒരു നേരിയ പരാതി പോലും ലഭിച്ചിട്ടില്ല. എണ്ണയിട്ട യന്ത്രം പോലെ ചടുലമായാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് കോണ്‍ഗ്രസിനെയും തന്നെയും തെറ്റിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.