‘ആരെങ്കിലും വോട്ട് ചെയ്യാനെത്തിയില്ലെങ്കില്‍ അവരുടെ പേരില്‍ കള്ളവോട്ട് ചെയ്യണം’; കള്ളവോട്ടിന് ബി.ജെ.പി നേതാവിന്റെ ആഹ്വാനം

single-img
21 April 2019

കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ബദായൂന്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സംഘമിത്ര മൗര്യയാണ് പാര്‍ട്ടി പ്രചാരണയോഗത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

‘ഒരു വോട്ടുപോലും പാഴാവരുത്. ആരെങ്കിലും വോട്ട് ചെയ്യാനെത്തിയില്ലെങ്കില്‍ അവരുടെ പേരില്‍ കള്ളവോട്ട് ചെയ്യണം. അത് എല്ലായിടത്തും നടക്കുന്നതാണ്. ആദ്യമേ അത് ചെയ്യണമെന്നല്ല പറയുന്നത്. പക്ഷേ, അവസരം ലഭിച്ചാല്‍, അറിയാത്ത രീതിയില്‍ അത് ചെയ്യണം’ മൗര്യ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ല മജിസ്‌ട്രേറ്റ് ദിനേഷ് കുമാര്‍ സിങ് പറഞ്ഞു. യു.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകളാണ് സംഘമിത്ര മൗര്യ.