എറണാകുളം മണ്ഡലം ബിജെപിയ്ക്ക് അനുകൂലമായി ചിന്തിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

single-img
21 April 2019

എറണാകുളം മണ്ഡലം ബിജെപിയ്ക്ക് അനുകൂലമായി ചിന്തിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. വളരെ വൈകിയാണ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയത്. എന്നാല്‍ മാരത്തോണ്‍ മത്സരം നൂറ് മീറ്റര്‍ മത്സരത്തിന്റെ വേഗത്തിലും ആവേശത്തിലും പൂര്‍ത്തിയാക്കുന്ന ആത്മവിശ്വാസം ഉണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.

യുവജനങ്ങളിലാണ് പ്രതീക്ഷ. കൊച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും. അതുകൊണ്ടു തന്നെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് എറണാകുളം മണ്ഡലം അനുകൂലമായി ചിന്തിക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

അതിനിടെ കണ്ണന്താനത്തിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്ത് നടത്തിയ സോഷ്യല്‍ മീഡിയ വോളന്റിയേഴ്‌സ് മീറ്റില്‍ നൂറോളം പേര്‍ പങ്കെടുത്തു. വിവിധ കര്‍മ്മമേഖലകളിലായിരിക്കെ കണ്ണന്താനത്തെ അടുത്തറിഞ്ഞവരാണ് സോഷ്യല്‍ മീഡിയ വോളന്റിയേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സ്വമേധയാ ഇവര്‍ നടത്തുന്നത്.

അതേസമയം, മോദി ഭരണം വീണ്ടും വരണം, എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മുന്നേറുന്ന കണ്ണന്താനത്തിന് ഭരണനേട്ടവും ശബരിമല യുവതീപ്രവേശന വിഷയവും കുടുതല്‍ കരുത്തേകിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അടുത്തിടെ പുറത്തുവന്ന പാര്‍ട്ടിയുടെ ചില അഭിപ്രായ സര്‍വേകള്‍ പ്രകാരം അല്‍ഫോണ്‍സ് കണ്ണന്താനവും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനുമാണ് ഇപ്പോള്‍ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാഴ്ച മുന്‍പുവരെ ഒറ്റയക്കത്തിലുണ്ടായിരുന്ന വോട്ടര്‍മാരുടെ പിന്തുണ 20 ശതമാനത്തിനു മുകളിലെത്തിക്കാന്‍ തന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനത്തിനു കഴിഞ്ഞുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിലേക്കു കൊണ്ടുവന്ന പദ്ധതികളും കേരളജനതയോടു കാണിച്ച മമതയും കൊച്ചിയിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.