ഫഹദും നസ്രിയയും വിവാഹം കഴിക്കാന്‍ കാരണക്കാരി താന്‍; വെളിപ്പെടുത്തലുമായി നിത്യാ മേനോന്‍

single-img
21 April 2019

നടന്‍ ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകാന്‍ കാരണം താനാണെന്ന് നടി നിത്യ മേനോന്‍. തന്നോട് കടപ്പാടുണ്ടാവണമെന്ന് എപ്പോഴും അവരോട് താന്‍ പറയാറുണ്ടെന്നും നിത്യ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോന്‍ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ 4 ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോള്‍ ഞാന്‍ ഒക്കെ പറഞ്ഞു.’ നിത്യ പറഞ്ഞു.

‘ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തില്‍ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കയ്യിലുള്ള കാര്യമല്ല ഇതൊന്നും. നടക്കേണ്ടവ താനെ നടന്നു കൊള്ളും.’ നിത്യ കൂട്ടിച്ചേര്‍ത്തു.

2014–ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഫഹദും നസ്രിയയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. മലയാളികള്‍ക്ക് വലിയ സര്‍പ്രൈസ് വാര്‍ത്തയായിരുന്നു അന്ന് അത്. സിനിമ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.