രണ്ട് ലക്ഷം യാക്കോബായ വിശ്വാസികളുള്ള ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടി; സഭയുടെ പിന്തുണ ഇടതുപക്ഷത്തിന്

single-img
21 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന യാക്കോബായ സഭയുടെ നിലപാട് ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടിയാകും. യാക്കോബായ സഭയുടെ പരമ മേലധ്യക്ഷനായ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവയാണ് ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചത്.

ഇരുപതു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളില്‍ യാക്കോബായ സഭാ പ്രതിനിധി ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മാത്രമാണ്. എന്നാല്‍ ഇവിടെയും ഇടതിനൊപ്പമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി, ആലുവ എന്നീ അസംബ്ലി മണ്ഡലങ്ങളിലാണ് കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ യാക്കോബായ വിശ്വാസികളും പള്ളികളും ഉള്ളത്.

ഏതാണ്ട് രണ്ട് ലക്ഷത്തിലധികം യാക്കോബായ വിശ്വാസികളായ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അങ്കമാലി ഭദ്രാസനത്തിനു കീഴിലുള്ള ഇവിടെ തോമസ് പ്രഥമന്‍ ബാവയുടെ വാക്കുകള്‍ വിശ്വാസികള്‍ തള്ളിക്കളയാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ലഭിച്ച ഈ വോട്ടുകളില്‍ ഭൂരിഭാഗവും ഇത്തവണ എല്‍ഡിഎഫിന് ലഭിക്കാനാണ് സാധ്യത.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കു ശേഷം സഭയ്‌ക്കൊപ്പം നിന്നത് ഇടതു മുന്നണി ഭരിക്കുന്ന സര്‍ക്കാരാണ്. ഇതാണ് ഇത്തവണ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ യാക്കോബായ സഭയെ പ്രേരിപ്പിച്ചത്.

അതേസമയം, പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒപ്പത്തിനൊപ്പമെത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കളം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക.

എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശപോരാട്ടത്തിന് സജ്ജമാകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കേരള സന്ദര്‍ശനവും മുതല്‍ക്കൂട്ടാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വൈകിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെങ്കിലും ഗൃഹസന്ദര്‍ശനം അടക്കുമുള്ള പ്രചരണ രീതികള്‍ക്കൊപ്പം മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പര്യടനവും നല്‍കുന്ന ആത്മ വിശ്വാസത്തോടെയാണ് എന്‍.ഡി.എ കൊട്ടിക്കലാശത്തിന് എത്തുന്നത്.

വൈകിട്ട് ആറു മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക.

പോളിങ് അവസാനിക്കുന്ന ആറു മണിയ്ക്ക് ക്യൂവിലുള്ളവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും. അതിനുശേഷം എത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പതിമൂന്ന് രേഖകള്‍ വോട്ടിങിനായി ഉപയോഗിക്കാം. ഇതില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല.