മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു; രാത്രികളില്‍ നിരോധനാജ്ഞ; കര്‍ഫ്യൂ നിലവില്‍ വന്നു

single-img
21 April 2019

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്. ഇതുവരെ 160 പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

450ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ ഒരു കാസര്‍കോട് സ്വദേശിനിയുമുണ്ട്. കൊളംബോയിലെ ഹൗസിങ് കോംപ്ലക്‌സിലാണ് എട്ടാമത്തെ സ്‌ഫോടനം. കോംപ്ലക്‌സിലേക്കു ചാവേര്‍ കയറി പൊട്ടിത്തെറിച്ചെന്നും ഇവിടെ മൂന്നു പേര്‍ മരിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തു രാത്രികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. കര്‍ഫ്യൂ നിലവില്‍ വന്നു. ഇത് എപ്പോള്‍ വരെ തുടരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു.

ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാമുദായിക ഐക്യം തകര്‍ക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും പടരാതിരിക്കാന്‍ ആണ് നീക്കം. ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്‌ഫോടനം. രണ്ടു പള്ളികളില്‍ നിരവധി തവണ സ്‌ഫോടനം നടന്നതായി പൊലീസ് അറിയിച്ചു.

പരുക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്‌ഫോടനമുണ്ടായത്.