‘ബറോസ്സ്’ എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ സംവിധായകനാകുന്നു; പോർച്ചുഗീസ് പശ്ചാത്തലത്തിൽ തുടർച്ചകളുള്ള ലോകസിനിമയായിരിക്കുമെന്ന സൂചന നല്‍കി ലാല്‍

single-img
21 April 2019

നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്നു. ‘ബറോസ്സ്’ എന്ന് പേരിട്ടിട്ടുള്ള സിനിമ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണെന്നും ഗോവയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് എന്നും ലാല്‍ പറയുന്നു. ധാരാളം വിദേശ താരങ്ങളെ സിനിമയ്ക്ക് ആവശ്യമായി വരും. അതിനായുള്ള അന്വേഷണം തുടങ്ങിയതായും ലാൽ പറഞ്ഞു. ഒരു തുടർ സിനിമയായി സൃഷ്ടിക്കപ്പെടുന്ന്‍ ഈ സിനിമ ‘ലോകസിനിമ’യായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

കേരളത്തിന്‌ അത്ര അപരിചിതമാല്ലാത്ത പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ തയ്യാറാകുന്നത്. ‘അറബിക്കഥകളിലൂടെ വിസ്മയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസ്സിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണം എന്നാണ് എന്റെ സ്വപ്നം…’ എന്ന് ലാൽ തന്റെ ബ്ലോഗിൽ പറയുന്നു.

ഈ സിനിമയെ പറ്റി ആലോചിക്കുംമുന്‍പ് ടികെ രാജീവ് കുമാറും ചേർന്ന് ഒരു 3D സ്റ്റേജ് ഷോ നടത്തണമെന്ന് ചിന്തിച്ചിരുന്നെന്നും എന്നാല്‍ അതിനു വേണ്ടിവരുന്ന ഭീമമായ തുക ചെലവിടാൻ കഴിയില്ലാ എന്നതിനാല്‍ പിൻവാങ്ങുകയായിരുന്നെന്നും മോഹൻലാൽ വ്യക്തമാക്കി. അന്ന് ഉണ്ടായ ആലോചനയാണ് ഇന്ന് മറ്റൊരു വിധത്തിൽ സഫലമാകാൻ പോകുന്നതെന്ന് ലാൽ പറഞ്ഞു.

തന്‍റെ സിനിമയുടെ കഥയെക്കുറിച്ചുള്ള ചെറിയ സൂചനയും മോഹൻലാൽ നൽകുന്നുണ്ട്: “…ഒരു മലബാർ തീരദേശ മിത്ത്. (Barroz – Guardian of D’ Gama’s Treasure). പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറില്‍അധികം വർഷമായി അയാള്‍അത് കാത്തു സൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് കഥ.”

മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ 3D സിനിമ സംവിധാനം ചെയ്ത ജിജോ (നവോദയ) യാണ് ഈ സിനിമയ്ക്ക് കഥയെഴുതിയതെന്നും ലാൽ വിശദീകരിച്ചു. തന്‍റെ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും ലാൽ പറഞ്ഞു.