മോഹനവാഗ്ദാനങ്ങള്‍ ഒന്നും തന്നെയില്ല; പക്ഷേ കൊച്ചിക്കാരുടെ മനസ്സറിഞ്ഞ കണ്ണന്താനത്തിന് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ട്; അത് പൂര്‍ത്തീകരിക്കുകയും ചെയ്യും

single-img
21 April 2019

നാടിളക്കിമറിച്ച വാശിയേറിയ പ്രചാരണ കോലാഹലത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ അവസാനവട്ട വോട്ടുപാച്ചിലില്‍. ആരോപണ പ്രത്യാരോപണങ്ങളോ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോ അക്രമങ്ങളോ ഒന്നും തന്നെയില്ലാതെ തീര്‍ത്തും സമാധാനപരമായിരുന്നു എറണാകുളം മണ്ഡലത്തിലെ ഇടത് വലത് മുന്നണികളുടേയും ബിജെപിയുടേയും പ്രചാരണം.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലേ വോട്ടര്‍മാര്‍ക്കിടയിലേക്ക് വോട്ട് ചോദിച്ച് ആദ്യമെത്തിയത് ഇടത് സ്ഥാനാര്‍ഥി പി. രാജീവാണ്. കൃത്യമായി പറഞ്ഞാല്‍ 23 ദിവസത്തെ പ്രചാരണം രാജീവ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

കുറഞ്ഞ സമയം കൊണ്ട് പ്രചാരണത്തില്‍ ഇടത് സ്ഥാനാര്‍ഥിക്കൊപ്പം ഓടിയെത്തിയ യുഡിഎഫിന്റെ ഹൈബി ഈഡനും ആത്മവിശ്വാസത്തില്‍ ഒട്ടും പിറകിലല്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി എറണാകുളം മണ്ഡലത്തിലിറക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശുഭപ്രതീക്ഷയില്‍ തന്നെ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വേഗം കൂട്ടിയുള്ള പതിവ് ഓട്ടത്തില്‍ തന്നെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.

ഇതിനിടെ, എറണാകുളം മണ്ഡലത്തിനു വേണ്ടിയുള്ള തന്റെ വീക്ഷണവും മുന്‍ഗണനയും അല്‍ഫോണ്‍സ് കണ്ണന്താനം പങ്കുവച്ചു. സിലിക്കണ്‍ വാലിയേയും സിംഗപ്പൂരിനെയും പോലെ കൊച്ചി നഗരത്തെ ഒരു ടെക് ഹബ് ആക്കി മാറ്റുക എന്നതിനാണ് കണ്ണന്താനം ഏറ്റവും മുന്‍ഗണന നല്‍കുന്നത്.

മാത്രമല്ല നഗരത്തെ ലോകത്തില്‍ ഏറ്റവും ശുചിത്വമുള്ളതാക്കാനും ലക്ഷ്യമിടുന്നു. കണ്ണന്താനത്തിന്റെ നാല്‍പതു വര്‍ഷത്തെ പൊതുജീവിതം ഉറ്റുനോക്കുകയാണെങ്കില്‍ ഇത് അനായാസമെന്ന് നാട്ടുകാരും പറയുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നത് തൊട്ടു ആധുനിക രീതിയിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനം വരെ കൊച്ചിക്കാര്‍ പ്രത്യാശിക്കുന്നു.

മോഹനവാഗ്ദാനങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലാത്ത കണ്ണന്താനം ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ കൊച്ചി നിവാസികളുടെ ആഗ്രഹങ്ങള്‍ പൂര്ത്തീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നു. കണ്ണന്താനത്തിന്റെ സ്വപ്ന പദ്ധതിയായ ശുചിത്വ കൊച്ചിയും ടെക്‌നോളജി ഹബ്ബും എറണാകുളം മണ്ഡലത്തെ മാത്രമല്ല സംസ്ഥാനമൊട്ടാകെ ചലനം സൃഷ്ടിക്കുമൊണ് പൊതുവെയുള്ള വിലയിരുത്തല്‍.