കോൺഗ്രസിന്റെ ‘ന്യായ വരുമാന’ പ്രചാരണം ജനങ്ങൾക്ക്‌ കൈക്കൂലി കൊടുക്കാം എന്ന്; പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനത്തിന്റെ പേരില്‍ അലഹബാദ് ഹൈക്കോടതിയിൽ ഹർജി

single-img
20 April 2019

അലഹബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ‘ ന്യായ് ‘ പ്രചാരണത്തിന് എതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹര്‍ജി. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പാർട്ടിക്കും കോടതി നോട്ടീസ് അയച്ചു.

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക്‌ കൈക്കൂലി കൊടുക്കാം എന്ന് പറഞ്ഞുള്ള ‘ന്യായ്’ പ്രചാരണം മാതൃക പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വാ​ഗ്ദാനങ്ങൾ നൽകുന്നത് കൈക്കൂലി നൽകുന്നതിന് സമാനമാണെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ അടുത്ത പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു. ഇന്നലെയാണ് കോടതി ഹർജി പരി​ഗണിച്ചത്. മെയ് 23-ന് കേസിൽ തുടര്‍ വാദം കേൾക്കും.

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയായിരുന്നു കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. രാജ്യത്തെ ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്.

കോൺഗ്രസ് രാജ്യത്ത് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്നും പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു.