ബാംഗ്ലൂരും കൊല്‍ക്കത്തയും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ്; ഏഴുപേര്‍ അറസ്റ്റില്‍

single-img
20 April 2019

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ ഈ സീസണില്‍ കഴിഞ്ഞദിവസം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ് നടത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. സ്റ്റേഡിയത്തിനുള്ളിലെ എഫ്1 ബ്ലോക്കില്‍ നിന്നുമാണ് ആരാധകരായ ഇവരെ അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്ത സിറ്റി പോലീസ് ഡിറ്റക്ടീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും നടന്നത്. അറസ്റ്റിലായ നാലുപേരും മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളാണ്. ബാക്കിയുള്ള മൂന്നുപേര്‍ മധ്യപ്രദേശിലെ സാഗര്‍ ടൗണിലുള്ളവരും. ഇവരുടെ പക്കല്‍നിന്നും 14 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഐപിഎല്ലില്‍ വ്യാപകമായ ബെറ്റിങ് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവിധ ടീമുകളിലെ കളിക്കാരെ ഉള്‍പ്പെടെ പങ്കാളികളാക്കി ബെറ്റിങ് മാഫിയ വ്യാപകമായതിനാല്‍ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ 10 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

രണ്ടാം ബാറ്റിങ്ങില്‍ നിതീഷ് റാണയും (85*) സൂപ്പര്‍ താരം ആന്ദ്രെ റസ്സലും (65) നടത്തിയ വെട്ടിക്കെട്ട് ഇന്നിങ്സുകള്‍ കെകെആറിനെ ജയത്തിന് അരികിലെത്തിച്ചെങ്കിലും അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്ത് കെകെആര്‍ മത്സരം കൈവിടുകയായിരുന്നു.