കുമ്മനം ലോക്സഭ കാണരുത്; തിരുവനന്തപുരത്ത് സമസ്തയുടെ പിന്തുണ ശശിതരൂരിന്; മറ്റിടങ്ങളിൽ എൽഡിഎഫിനും

single-img
20 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി  ശശി തരൂരിനെ പിന്തുണയ്ക്കാൻ സമസ്‌ത തീരുമാനമെന്നു സൂചന. തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കാനും സമസ്ത തീരുമാനമെടുത്തേക്കും എന്ന് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പില്‍ എ.പി. വിഭാഗം സുന്നികള്‍ സ്വീകരിക്കേണ്ട നിലപാട്‌ അണികളെ അറിയിച്ചതായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. രാജ്യത്ത്‌ നിര്‍ണായകമായ പൊതുെതരഞ്ഞെടുപ്പാണ്‌ നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും മര്‍ക്കസില്‍ സംഘടിപ്പിച്ച ഖത്‌മുല്‍ ബുഖാരി സമ്മേളനത്തില്‍വച്ച്‌ കാന്തപുരം വ്യക്‌തമാക്കി.

തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുസ്‌ഥാനാര്‍ഥി മൂന്നാമതാകുമെന്നും എന്‍.ഡി.എ വിജയിച്ചേക്കുമെന്നമുള്ള പ്രവചനങ്ങള്‍ കണക്കിലെടുത്താണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ശശി തരൂരിനെ പിന്തുണക്കണമെന്ന്‌ അണികളെ അറിയിച്ചുവെന്നാണ്‌ വിവരം.

മുസ്ലിം സ്‌ത്രീകളുടെ ആരാധനയുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍നിന്ന്‌ പുറപ്പെടുവിച്ച നോട്ടീസ്‌ ആശങ്കാജനകമാണെന്ന്‌ കാന്തപുരം പറഞ്ഞു. സ്‌ത്രീകള്‍ക്ക്‌ ആരാധനക്ക്‌ ഉത്തമം വീടാണ്‌ എന്നതാണ്‌ ഇസ്‌ലാമിക പ്രമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരുഷന്മാര്‍ക്കൊപ്പം ജുമുഅ ജമാഅത്ത്‌ നടത്താനായി പൊതുസ്‌ഥലങ്ങളില്‍ സംഗമിക്കുന്നതും സ്‌ത്രീകള്‍ക്ക്‌ മതപരമായി നിഷിദ്ധമാണ്‌.

കോടതി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവരെ സമീപിച്ചു ഇസ്ലാമിന്റെ ശരിയായ പ്രമാണങ്ങള്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു.

ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ്‌ നിലവില്‍ വരേണ്ടത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട്‌ കീഴ്‌ഘടകങ്ങള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്‌. അഖിലേന്ത്യാ തലത്തില്‍ 23 സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തങ്ങളുള്ള ഞങ്ങള്‍ക്ക്‌ ഓരോ സംസ്‌ഥാനത്തും ഏത്‌ മതേതരത്വ കക്ഷിയെ പിന്തുണയ്‌ക്കണം എന്നതിന്‌ കൃത്യമായ കാഴ്‌ചപ്പാടുണ്ട്‌. ഇന്ന്‌ നടക്കുന്ന ഈ സമ്പൂര്‍ണ്ണ സഖാഫി സമ്മേളനത്തില്‍ തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ള ആയിരത്തോളം സഖാഫികള്‍ സംബന്ധിച്ചിട്ടില്ല.

അവിടെ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പൗരരുടെ ഏറ്റവും വലിയ ബാധ്യത എന്ന നിലയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ്‌ പണ്ഡിതരുടെ ഏറ്റവും പ്രധാന ബാധ്യത എന്നതിനാല്‍ അവര്‍ക്കു വേണ്ടി മാത്രം മറ്റൊരു ദിവസം സംഗമം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.