താൻ പ്രതിരോധമന്ത്രി ആയിരിക്കെ ഇന്ത്യ മൂന്ന് തവണ സര്‍ജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്; എന്നാൽ അത് വിളിച്ച് പറഞ്ഞ് നടക്കാറില്ല; പ്രധാനമന്ത്രിക്കെതിരെ എകെ ആന്റണി

single-img
20 April 2019

തിരുവനന്തപുരം: ഇന്ത്യ പാകിസ്‌താനെതിരെ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ പേരിൽ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എകെ ആന്‍റണി രംഗത്തെത്തി. താൻ പ്രതിരോധ മന്ത്രിയായിരിക്കുന്ന കാലയളവിൽ മൂന്ന് തവണ ഇന്ത്യ സര്‍ജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും എകെ ആന്‍റണി പറഞ്ഞു.

നമ്മെ ഇങ്ങോട്ട് അടിച്ചാൽ അങ്ങോട്ടും അതിശക്തമായി തിരിച്ചടിക്കും. അതിനുശേഷം പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എകെ ആന്‍റണി പറഞ്ഞു.

സൈന്യം നടത്തിയ സ്ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എകെ ആന്‍റണി ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്നും എകെ ആന്‍റണി കുറ്റപ്പെടുത്തി. അഭിനേതാക്കളായ അമിതാഭ് ബച്ചൻ, മമ്മൂട്ടി മോഹൻലാൽ എന്നിവരേക്കാൾ ഒക്കെ മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും എകെ ആന്‍റണി പരിഹസിച്ചു.