ചാലക്കുടിയില്‍ എല്‍ഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭയും;കിഴക്കമ്പലം പഞ്ചായത്തിന്റെ നിലപാട് നിര്‍ണായകമാവും,അടിയൊഴുക്കുകള്‍ ഇന്നസെന്റിന് അനുകൂലം

single-img
20 April 2019

ചാലക്കുടി മണ്ഡലത്തിലെ അടിയൊഴുക്കുകൾ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമാകുമെന്ന് വിലയിരുത്തൽ. സാമുദായിക സമവാക്യങ്ങളും മറ്റ് പ്രാദേശിക ഘടകങ്ങളും വലിയതോതില്‍ വോട്ട് വിഹിതം ഇന്നസെന്റിന് വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് എല്‍ഡിഎഫ് ക്യാംപുകളിലെ വിലയിരുത്തല്‍. ചാലക്കുടി മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുള്ള യാക്കോബായ സഭ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടിലേക്ക് നീങ്ങിയത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.

പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ, അങ്കമാലി നിയമസഭാ മണ്ഡലങ്ങൾ യാക്കോബായ സഭക്ക് നിര്‍ണ്ണായക അംഗബലമാണുള്ളത്. അതുകൊണ്ട് തന്നെ യാക്കോബായ സഭയുടെ ഈ നിലപാട് വോട്ടിങ്ങില്‍ യുഡിഎഫിന് പ്രതികൂലമായി പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്.

20 ട്വെന്റിക്ക് ഇരുപതിനായിരം വോട്ടുകളുടെ വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. അതുകൊണ്ട് തന്നെ ചാലക്കുടിയിലെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ കിഴക്കമ്പലം ഭരിക്കുന്ന 20 ട്വന്റിയുടെ നിലപാട് അതി നിര്‍ണ്ണായകമാവുകയാണ്. മാറിയ ഈ സാഹചര്യത്തില്‍ ചാലക്കുടിയില്‍ വിജയം നിര്‍ണ്ണയിക്കുന്നതില്‍ കിഴക്കമ്പലം ഒരു പ്രബല ഘടകമായി മാറിക്കഴിഞ്ഞു. ഈ സംഘടനയെ അധിക്ഷേപിച്ച് സംസാരിച്ച ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് നടന്ന പൊതുയോഗം ഈ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു.

കിഴക്കമ്പലത്തു നിന്നും ലഭിക്കുന്ന 20000 വോട്ടുകളും മണ്ഡലത്തിലെ യാക്കോബായ സഭയുടെ വോട്ടുകളും ലഭിക്കുന്നതോടെ ഇത്തവണ അന്‍പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ഇന്നസെന്റിന് ലഭിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്.ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം അവസാന വട്ട അടിയൊഴുക്കുകളും വോട്ടായി മാറുന്നതിലൂടെ ഇന്നസെന്റിന് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നത്.

യാക്കോബായ സഭയുടെയും കിഴക്കമ്പലത്ത് ട്വന്റി 20യുടെയും പരസ്യ നിലപാടിന് ശേഷം വന്ന ഏഷ്യാനെറ്റ് സര്‍വെ ഇന്നസെന്റിനാണ് വിജയം പ്രവചിച്ചതെന്നതും മാറിയ സമവാക്യങ്ങള്‍ യുഡിഎഫിനെ കൈവിടുന്നു എന്നുള്ളതിന് തെളിവാണ്.