വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ വീണാ ജോര്‍ജിനെതിരേ ശരണംവിളിച്ച് പ്രതിഷേധം

single-img
19 April 2019

പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ഥിയോട് കൂടുതല്‍ അനുഭാവം കാണിച്ചുവെന്നാരോപിച്ച്, എസ്.എന്‍.ഡി.പി സംഘടിപ്പിച്ച മനയ്ക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍ വേദിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് നല്‍കിയതിലും കൂടുതല്‍ പരിഗണന നല്‍കിയെന്നായിരുന്നു ആരോപണം.

തിരുവല്ലയ്ക്കടുത്ത് മനയ്ക്കച്ചിറയില്‍ എസ്.എന്‍.ഡി.പി സംഘടിപ്പിക്കുന്ന പതിനൊന്നാമത് ശ്രീനാരായണ കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു നാടകീയരംഗങ്ങള്‍. വെള്ളാപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം വ്യക്തികളെ ആദരിക്കുന്നതിനിടെ വീണാ ജോര്‍ജ് വേദിയിലെത്തി.

വ്യക്തികളെ ഷാള്‍ അണിയിക്കാന്‍ വീണയ്ക്ക് അവസരം നല്‍കിയതോടെ സദസ്സില്‍ ഒരുസംഘം ശരണംവിളി മുഴക്കി. ചടങ്ങുകഴിഞ്ഞ് വീണ വേദി വിടുമ്പോള്‍ വീണ്ടും ശരണം മുഴക്കി. ഉദ്ഘാടനത്തിനുമുമ്പ് എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ വേദിയിലെത്തിയിരുന്നു.

വെള്ളാപ്പള്ളിക്ക് ഹസ്തദാനം നല്‍കി ഉടന്‍ വേദി വിടുകയും ചെയ്തു. ശബരിമലവിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമല്ലാതിരുന്ന വീണയ്ക്ക് യോഗത്തില്‍ അമിതപ്രാധാന്യം നല്‍കിയതിനാലാണ് പ്രതിഷേധിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചില്ല.