മരിച്ച ദിവസവും അതിനു മുമ്പും പല തവണയായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി: വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍

single-img
19 April 2019

പതിനാറുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണല്‍ പുരയിടത്തില്‍ ജോണ്‍ (28) ആണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി കഴിഞ്ഞ ജനുവരി 20ന് രാവിലെ പതിനൊന്നരയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയാണ് മരിച്ചത്.

ആത്മഹത്യയെന്ന രീതിയില്‍ വര്‍ക്കല പോലീസ് അന്വേഷിച്ച കേസില്‍ മാര്‍ച്ച് മാസം രാസപരിശോധന ഫലം വന്നപ്പോഴാണ് പീഡനം നടന്നതായി ബോധ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത ദിവസവും അതിനു മുമ്പും പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി പരിശോധനയില്‍ കണ്ടെത്തി.

പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയും ജോണും ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നതായും വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതായും ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും കണ്ടെത്തി.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതോടെ ഒളിവില്‍ പോയ ജോണ്‍ ബേപ്പൂര്‍, മുനമ്പം എന്നിവിടങ്ങളില്‍ ഫിഷിങ് ബോട്ടുകളില്‍ ജോലി നോക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചെത്തിയെങ്കിലും രക്ഷപെട്ടു.

തുടര്‍ന്ന് കന്യാകുമാരിയിലെത്തിയ ജോണ്‍ മല്‍സ്യബന്ധന ബോട്ടില്‍ ജോലിക്ക് കയറി. ആഴ്ചതോറും ഫോണിലെ സിം മാറ്റിയിരുന്ന ജോണിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വര്‍ക്കല പോലിസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരാക്കിയ ജോണിനെ റിമാന്റ് ചെയ്തു.