എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: ഊര്‍മിള മാതോംഡ്കര്‍

single-img
19 April 2019

പരാജയഭീതിയില്‍ എതിരാളികള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മാതോംഡ്കര്‍. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു നടത്തിയ റോഡ് ഷോയ്ക്കു നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് നടി ആരോപണം ഉന്നയിച്ചത്. ആകമണത്തെക്കുറിച്ച് പരാതിപ്പെടുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. നടിയുടെ ആവശ്യത്തെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തിന്റെ തലപ്പത്തിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി ‘ബയോപിക്’ ചിത്രം ഇറക്കാന്‍ അര്‍ഹനല്ലെന്ന് ഊര്‍മിള മാതോംഡ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഹാസ്യചിത്രമാണ് നിര്‍മിച്ച് പുറത്തിറക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

56 ഇഞ്ച് നെഞ്ചളവുണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയുടെ ജീവിത കഥ തമാശ തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി കാണുന്നതിന് ഇടയാക്കും. ഇതിനെക്കാള്‍ നല്ലത് അദ്ദേഹത്തിന്റെ പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ഒരു ഹാസ്യചിത്രം നിര്‍മിക്കുന്നതായിരിക്കും ഊര്‍മിള മതോണ്ട്കര്‍ പി.ടി.ഐ.യോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ചലച്ചിത്രതാരമായ ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യായ ഗോപാല്‍ ഷെട്ടിക്കെതിരേയാണ് ഊര്‍മിള ജനവിധി തേടുന്നത്.