മോദിയെ തള്ളി ടി.പി.സെന്‍കുമാര്‍; ‘സത്യം പുറത്തുവരുമെന്ന് ഓര്‍ക്കണം’

single-img
19 April 2019

വിവാദമായ ചാരക്കേസില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ തള്ളി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നും ‘എന്റെ പൊലീസ് ജീവിതം’ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന സെന്‍കുമാറിന്റെ പുസ്തകത്തില്‍ സെന്‍കുമാര്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സത്യം പുറത്തുവരുമെന്ന് നമ്പി നാരായണന് അറിയാം. പീഡിതന്റെ കുപ്പായമിട്ടയാളാണ് നമ്പി നാരായണനെന്നും അദ്ദേഹം പറയുന്നു. കേസില്‍ നമ്പി നാരായണനെ കുടുക്കുന്ന വിവിധ തെളിവുകള്‍ നിലവിലുണ്ട്. മറിയം റഷീദയുമായി എന്താണ് ബന്ധമെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കണം. പീഡിപ്പിക്കപ്പെട്ടവന്‍ എന്ന പരിവേഷം നമ്പി നാരായണന് എല്ലാ കാലത്തും ഉണ്ടാകില്ലെന്നും പുസ്തകത്തില്‍ ടി.പി സെന്‍കുമാര്‍ പറയുന്നു.

നമ്പി നാരായണനോട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടിയത് കൊടിയ അനീതിയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സെന്‍കുമാറിനെ വേദിയിലിരുത്തി മോദി വിമര്‍ശിച്ചിരുന്നു. നേരത്തെ നമ്പി നാരായണന് പദ്മ പുരസ്‌കാരങ്ങള്‍ നല്‍കിയപ്പോഴും അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ഡിജിപിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ടി പി സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തിയെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു.

തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. താന്‍ വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ദില്ലിയില്‍ സ്വാധീനം ചെലുത്തിയെന്നാണ് സര്‍വ്വീസ് സ്റ്റോറിയില്‍ സെന്‍കുമാര്‍ ഉയര്‍ത്തിന്ന മറ്റൊരു പ്രധാന ആരോപണം.

സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയ പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലയെകുറിച്ചാണ് സെന്‍കുമാര്‍ ഏറ്റവും ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. സിപിഎം സ്‌പോണ്‍സേര്‍ഡ് കൊലപാതകമാണ് ഇതെന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥ തന്നോട് മൂന്ന് തവണപറഞ്ഞുവെന്നാണ് സെന്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ കേസ് ഈ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോള്‍ പരാമര്‍ശത്തെകുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെന്‍ കുമാര്‍ പുസ്തകത്തില്‍ പറയുന്നു.

എംജി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ താന്‍ പൊലീസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തില്‍ തനിക്കെതിരെ സര്‍ക്കാറിന് പരാതി കൊടുക്കാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഇടപെട്ടു എന്നാണ് സെന്‍ കുമാറിന്റെ മറ്റൊരു ആരോപണം. ഐഎസ്ആര്‍ഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമണ്‍ ശ്രീവാസ്തവ തനിക്കെതിരെ പ്രവര്‍ത്തിച്ചത്.

ഡിജിപി ജേക്കബ് തോമസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദുരൂഹമാണെന്നും ഋഷിരാജ് സിംഗ് പബ്‌ളിസിറ്റിയുടെ ആളാണെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആക്ഷേപിക്കുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെ ബാര്‍ കോഴകേസില്‍ കരിവാരിത്തേക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്.