സെന്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ നമ്പി നാരായണനെ പുകഴ്ത്തി മോദിയുടെ പ്രസംഗം

single-img
19 April 2019

തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെ വേദിയിലിരുത്തി മുന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ നമ്പി നാരായണനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരതയാണന്നും നമ്പിനാരായണനോടുള്ള ഹീനമായ പെരുമാറ്റത്തിന് കോണ്‍ഗ്രസിനോട് ക്ഷമിക്കാനാവില്ലെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു.

രാജ്യം സുരക്ഷിതമെന്ന് പറഞ്ഞ മോദി സുരക്ഷയൊരുക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അധികാരം നല്‍കിയെന്നും വ്യക്തമാക്കി. ‘കരയിലും, വെള്ളത്തിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുപോലും സുരക്ഷിതമാണ് ഇന്ത്യ. മൊബൈല്‍ ഫോണ്‍ മുതല്‍ മിസൈല്‍ വരെയുള്ള കാര്യങ്ങളില്‍ ഇന്ന് ബഹിരാകാശ നിയന്ത്രണമുണ്ട്. ബഹികാരാശത്തെ രാജ്യത്തിന്റെ ആസ്തികളെ ഛിദ്ര ശക്തികള്‍ ആക്രമിച്ചാല്‍ അത് തടയാന്‍ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും. നിങ്ങളുടെ ചൗകീദാര്‍ അതിനുള്ള അധികാരങ്ങള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് നല്‍കി’ മോദി പറഞ്ഞു.

നേരത്തെ നമ്പി നാരായണന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്നും പറഞ്ഞ സെന്‍കുമാര്‍ ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പത്മവിഭൂഷന്‍ തന്നെ കിട്ടുമോ എന്ന് തനിക്ക് പ്രത്യാശയുണ്ടെന്നും പരിഹസിച്ചിരുന്നു.