സൗദിയിലെ പ്രവാസികള്‍ ജാഗ്രതൈ!: 23 നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ച് പുതിയ പട്ടിക പുറത്തിറക്കി; പിടിയിലായാല്‍ തടവും പിഴയും

single-img
19 April 2019

സൗദിയില്‍ പൊതു സ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ച് പുതിയ പട്ടിക പുറത്തിറക്കി. പൊതു സ്ഥലങ്ങളില്‍ നടക്കുന്ന പതിനേഴ് നിയമ ലംഘനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആറു നിയമ ലംഘനങ്ങളുടെയും പട്ടികയാണ് മന്ത്രാലയം പുറത്തിറക്കിയത്.

റോഡുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയല്‍, അനുമതിയില്ലാതെ ബ്രോഷറുകളും പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യലും പൊതു ഇടങ്ങളിലും ഭിത്തികളിലും ഇവ പതിക്കലും, മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു സ്ഥലങ്ങളിലും റോഡുകളിലും വെച്ച് രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും പകര്‍ത്തല്‍, അനുമതിയില്ലാതെ ക്യാമ്പുകള്‍ സ്ഥാപിക്കല്‍, സംഘം ചേരല്‍, പരിപാടി സംഘടിപ്പിക്കല്‍, മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടല്‍, മാലിന്യങ്ങളും ഫര്‍ണീച്ചറുകളും കേടായ വാഹനങ്ങളും ഉപേക്ഷിച്ച് പൊതുസ്ഥലങ്ങള്‍ വികൃതമാക്കല്‍ തുടങ്ങിയവ പൊതു ഇടങ്ങളിലെ നിയമലംഘനങ്ങളായി പരിഗണിക്കും.

യാചക വൃത്തി, സംഭാവന ശേഖരണം, പരസ്യ വിതരണം, ശൗചാലയങ്ങള്‍ വികൃതമാക്കലും അവയുടെ ദുരുപയോഗവും എന്നിവ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള നിയമലംഘനങ്ങളായും കണക്കാക്കപ്പെടും. നിയമ ലംഘനങ്ങള്‍ക്ക് കൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.