ഞാന്‍ മോദിയുടെ കട്ടഫാന്‍; പി.ജയരാജന്റെ പ്രചരണ വേദിയില്‍ സാബുമോന്റെ പ്രസംഗം: പിന്നെ സംഭവിച്ചത്

single-img
19 April 2019

വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ സ്വീകരണ യോഗത്തില്‍ താന്‍ ഭയങ്കര നരേന്ദ്ര മോദി ആരാധകനാണെന്ന് പ്രസംഗിച്ച് സാബുമോന്‍ അബ്ദുസമദ്. തലശേരി വേറ്റുമ്മലില്‍ പി ജയരാജന് നല്‍കിയ സ്വീകരണയോഗത്തില്‍ ഏപ്രില്‍ 16നായിരുന്നു സാബുമോന്റെ പ്രസംഗം.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നുണ്ട്. താന്‍ ഭയങ്കര നരേന്ദ്ര മോദി ഫാന്‍ ആണെന്ന് പറഞ്ഞാണ് വീഡിയോയില്‍ പ്രസംഗം ആരംഭിക്കുന്നത്. തുടര്‍ന്ന് മോദിയുടെ ഭരണനേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെയാണ് സാബുമോന്‍ മോദിയെ ട്രോളുകയായിരുന്നുവെന്ന് വേദിയിലും സദസിലുമുണ്ടായിരുന്നവര്‍ക്ക് മനസിലായത്.

മോദി ലോകത്തിന് ചെയ്ത കാര്യം ആരും ശ്രദ്ധിക്കാതെ പോയി. ആഗോളതാപനം കുറയ്ക്കാന്‍ വേണ്ടിയാണ് മോദി നോട്ട് നിരോധനം നടത്തിയതെന്നാണ് പരഹസിച്ച് സാബുമോന്‍ പറഞ്ഞത്. നോട്ട് നിരോധവും ജിഎസ്ടിയും കൂടെ വന്നപ്പോള്‍ ഏകദേശം പത്ത് കോടി വീടുകളില്‍ ആഹാരം ഇല്ലാതായി. കൂടാതെ, ലക്ഷോപലക്ഷം ചെറുകിട സംരഭങ്ങള്‍ നോട്ട് നിരോധനം കാരണം പൂട്ടിപ്പോയി. അതും ഗുണമായി. അത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള പുക ഇപ്പോഴില്ല. അതുകൊണ്ടാണ് തനിക്ക് നരേന്ദ്ര മോദിയെ ഇഷ്ടമെന്ന് പറഞ്ഞതെന്നും സാബുമോന്‍ വ്യക്തമാക്കി.