കൊല്ലത്ത് ബിജെപിയില്‍നിന്ന് വോട്ട് കിട്ടുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പ്രവര്‍ത്തകര്‍ രംഗത്ത്

single-img
19 April 2019

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന് വേണ്ടി ബിജെപി വോട്ട് മറിക്കുകയാണെന്ന ആരോപണം ശരിവെച്ച് നേതാക്കള്‍. ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നായിരുന്നു വിവാദങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ പ്രതികരിച്ചത്.

ഇതോടെ വോട്ട് മറിക്കുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണത്തെ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇത് വോട്ട് മറിക്കുന്നതിന്റെ സൂചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നു.

കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം ബിജെപിയുമായി രഹസ്യ ബന്ധമുണ്ടാക്കിയ പ്രേമചന്ദ്രനോടുള്ള പ്രതിഷേധ സൂചകമായി ചവറയില്‍ ആര്‍എസ്പിയില്‍നിന്ന് നേതാക്കളടക്കമുള്ളവരുടെ രാജി തുടരുകയാണ്.