ബിജെപി അക്കൗണ്ട് തുറക്കില്ല: കേരളം എല്‍ഡിഎഫിനൊപ്പം; 11 മുതല്‍ 13 സീറ്റുകള്‍; യുഡിഎഫിന് സീറ്റും വോട്ടും കുറയും: പുതിയ സര്‍വേ

single-img
19 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിള്‍, സിവില്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെമോക്രാറ്റിക് അസേര്‍ഷന്‍ (സിഡ) സംഘടിപ്പിച്ച അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

യുഡിഎഫിന്റെ സാധ്യത ഏഴുമുതല്‍ ഒമ്പതുവരെ സീറ്റുകളില്‍ മാത്രം. ബിജെപി ഇത്തവണയും സീറ്റൊന്നും നേടില്ലെന്നും എല്ലാ മണ്ഡലത്തിലും എന്‍ഡിഎ മൂന്നാം സ്ഥാനമേ നേടൂവെന്നും സര്‍വേ പറയുന്നു. 42.1 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിക്കുക. യുഡിഎഫ് 40.8 ശതമാനം വോട്ടും. എന്‍ഡിഎയുടെ വോട്ടുനേട്ടം 15.2 ശതമാനം മാത്രമായിരിക്കും. 1.9 ശതമാനം മറ്റുള്ളവര്‍ക്കാണ്.

ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 26.3 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അതിര്‍ത്തിപ്രശ്‌നം (15.2), അഴിമതി (12.1), വര്‍ഗീയത (12), ദാരിദ്ര്യം (10), വിലക്കയറ്റം (8.6), ഭീകരത (8.4), കാര്‍ഷികപ്രശ്‌നം (3.4) എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പു പ്രശ്‌നങ്ങളായി കേരളത്തിലെ വോട്ടര്‍മാര്‍ കാണുന്നത്. നാലുശതമാനം പേര്‍ മറ്റുള്ള വിഷയങ്ങള്‍ പ്രധാനമായി കാണുന്നു.

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനത്തെ 67.7 ശതമാനംപേരും തൃപ്തരല്ല. തൃപ്തര്‍ 25.3 ശതമാനം പേര്‍ മാത്രം. മോഡി സര്‍ക്കാരിന്റെ വിലക്കയറ്റവിരുദ്ധ നടപടികള്‍ മോശമെന്ന് 60.1 ശതമാനം പേര്‍ കരുതുന്നു. ശരാശരിയെന്ന് അഭിപ്രായമാണ് 15.3 ശതമാനം. നല്ലതെന്ന് പറയുന്നവര്‍ 12 ശതമാനം മാത്രം. മതസൗഹാര്‍ദം കാക്കുന്നതിലും അഴിമതി തടയുന്നതിലും കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഭീകരവാദം തടയുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. അച്ഛേ ദിന്‍ നടപ്പാക്കുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് 66 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു.