‘ലേറ്റായാലും ലേറ്റസ്റ്റ്’: കണ്ണന്താനം പതിവ് തെറ്റിച്ചില്ല: അവസാന ലാപ്പില്‍ മുന്നേറ്റം

single-img
19 April 2019

പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോഫിനിഷിലേക്ക്. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ അവസാന ലാപ്പില്‍ മേല്‍ക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികള്‍.

അതിനിടെ ചില മണ്ഡലങ്ങളിലെ വിജയസാധ്യതകള്‍ മാറിമറിയുകയാണ്. ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ എറണാകുളത്ത് കണ്ണന്താനം അവസാന ലാപ്പില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. മുമ്പൊക്കെ വിജയം ഇടത്തോ വലത്തോ എന്നു മാത്രം ചര്‍ച്ച ചെയ്തിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ സാധ്യതയും വിശകലനം ചെയ്യുന്നു.

ലേറ്റായാലും ലേറ്റസ്റ്റ്’ എന്നതാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ രീതി. ബിഡിജെഎസിനു നീക്കിവച്ച സീറ്റില്‍ അവസാന നിമിഷമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി അല്‍ഫോന്‍സിന്റെ രംഗപ്രവേശം. ആരെയും കൂസാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്നു പേരുകേട്ട കണ്ണന്താനം രാഷ്ട്രീയത്തിലേക്കു വൈകിയെത്തിയ ആളാണ്.

എന്നിട്ടും ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി കാഞ്ഞിരപ്പള്ളിയില്‍ ജയിച്ചു. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും ചില കണക്കുകൂട്ടലോടെയാണ്. എറണാകുളത്തെ സ്ഥാനാര്‍ഥിത്വവും അതിന്റെ ഭാഗമാണ്. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും അവസാനലാപ്പില്‍ കണ്ണന്താനം എല്ലാം ഓടിപിടിക്കുന്നു.

2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ ഒരു ലക്ഷത്തോളം വോട്ട് മണ്ഡലത്തില്‍ നേടിയിരുന്നു. അന്ന് ബിജെപി തനിച്ചായിരുന്നു. ബിഡിജെഎസ് പിന്തുണയോടെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎയുടെ വോട്ടുകള്‍ ഒന്നര ലക്ഷത്തിന് മുകളിലായി.

മോദി ഭരണം വീണ്ടും വരണം, എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മുന്നേറുന്ന കണ്ണന്താനത്തിന് ഭരണനേട്ടവും ശബരിമല യുവതീപ്രവേശന വിഷയവും കുടുതല്‍ കരുത്തേകിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അടുത്തിടെ പുറത്തുവന്ന പാര്‍ട്ടിയുടെ ചില അഭിപ്രായ സര്‍വേകള്‍ പ്രകാരം അല്‍ഫോണ്‍സ് കണ്ണന്താനവും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനുമാണ് ഇപ്പോള്‍ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാഴ്ച മുന്‍പുവരെ ഒറ്റയക്കത്തിലുണ്ടായിരുന്ന വോട്ടര്‍മാരുടെ പിന്തുണ 20 ശതമാനത്തിനു മുകളിലെത്തിക്കാന്‍ തന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനത്തിനു കഴിഞ്ഞുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിലേക്കു കൊണ്ടുവന്ന പദ്ധതികളും കേരളജനതയോടു കാണിച്ച മമതയും കൊച്ചിയിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

അതേസമയം, എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളത്ത് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞത് കേരളത്തില്‍ ത്രികോണ മത്സരമാണ് എന്നാണ്. മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിയും, കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മത്സരമെന്നും കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു.

പതിനാറു പൊതു തെരഞ്ഞെടുപ്പുകളില്‍ പതിമൂന്നുവട്ടവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്. സിപിഐഎം ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിയെ ഒരു പ്രാവശ്യം മാത്രം വിജയിപ്പിച്ച ചരിത്രവും മണ്ഡലം പങ്കുവെയ്ക്കുന്നു. രണ്ടുപ്രാവശ്യം ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോള്‍, രണ്ടു വട്ടവും എറണാകുളംകാര്‍ കോണ്‍ഗ്രസുകാരെ തോല്‍പ്പിച്ചു കളയുകയാണ് ചെയ്തത്. ഇത്തവണ ചരിത്രം തിരുത്തുമെന്ന് കണ്ണന്താനം ഉറക്കെ പറയുന്നു.