ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ: ഗോകുല്‍ സുരേഷ്

single-img
19 April 2019

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ അനുകൂലിച്ചു സംസാരിച്ച ബിജു മേനോനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ ആണെന്ന് ഗോകുല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തൃശൂര്‍ ലുലു കണ്‍വെൻഷൻ സെൻററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിച്ചാല്‍ അത് തൃശൂരിൻറെ ഭാഗ്യമാണെന്ന്‍ ബിജു മേനോന്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

സുരേഷ് ഗോപിയെ പോലെ ഒരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്‍റെ ജനപ്രതിനിധിയായാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ബിജു മേനോനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഇതിനെ തുടര്‍ന്നായിരുന്നു പ്രതികരണവുമായി ഗോകുല്‍ സുരേഷ് എത്തിയത്.