ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുത്; വൈദ്യരെ സ്വയം ചികിത്സിക്കുകയേ നിവൃത്തിയുള്ളൂ; മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

single-img
19 April 2019

കണ്ണൂർ: കഴിഞ്ഞ ദിവസം കേരളത്തില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ദൈവത്തിന്‍റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി നടത്തുന്നതെന്നും, ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്നും പിണറായി വിമർശിച്ചു. ശബരിമല ക്ഷേത്രത്തില്‍ സംഘർഷമുണ്ടാക്കിയതിനാണ്, അല്ലാതെ ദൈവനാമം ഉച്ചരിച്ചതിനല്ല പലർക്കുമെതിരെ കേസെടുത്തത്.

ശബരിമലയിൽ ആർഎസ്എസ്സിന് സംഭവിച്ച ഇച്ഛാഭംഗം തന്നെയാണിപ്പോൾ മോദിയ്ക്കും. ഗുജറാത്തിൽ പണ്ട് കളിച്ച കളി ഇവിടെ ശബരിമലയിൽ നടപ്പാക്കാൻ ആർഎസ്എസ്സുകാരോട് നിർദ്ദേശിച്ചത് മോദിയാണ് എന്നും പിണറായി ആരോപിച്ചു. വൈദ്യരെ സ്വയം ചികിത്സിക്കുകയേ നിവൃത്തിയുള്ളൂ എന്ന് മോദിയോട് പറഞ്ഞ പിണറായി ഘർവാപസിയ്ക്കും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ചോദിച്ചു.

അതേപോലെ, കമ്യൂണിസ്റ്റുകാർ പൂജാകർമ്മങ്ങളെ എതിർക്കുന്നുവെന്ന മോദിയുടെ ആരോപണം കേരളത്തിൽ ചെലവാവില്ലെന്നും പിണറായി പരിഹസിച്ചു. പ്രളയ ദുരന്തത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തിയ മോദിയുടെ പരാമർശത്തിനും പിണറായി മറുപടി പറഞ്ഞു. കേരളത്തിനോട് ഇത്രയേറെ വെറുപ്പുള്ള മനസ്സാണ് മോദിയ്ക്ക് എന്നറിഞ്ഞില്ല. ഈ മനസുള്ള ആളോടാണ് കേരളം സഹായം ആവശ്യപ്പെട്ടത്.

കേന്ദ്ര ജല കമ്മീഷനും ഐഐടിയുടെ വിദഗ്‍ധ സംഘവും അതിതീവ്ര മഴയാണ് പ്രളയ കാരണമെന്ന് വിലയിരുത്തിയിട്ടുള്ളതാണ്. ഇതിനെ മറികടന്ന് പ്രളയത്തിന് കാരണം സംസ്ഥാനത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വില കുറഞ്ഞ ആക്ഷേപത്തിൽ പ്രധാനമന്തി മോദി കയറിപ്പിടിക്കാമോ? – പിണറായി ചോദിച്ചു. മോദി താന്‍ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചെങ്കിലും അഭിപ്രായം പറയാൻ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാവലിൻകേസുമായി ബന്ധപ്പെട്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണ്. എന്നാല്‍ മോദി ഇപ്പോഴും റാഫേല്‍ അഴിമതിയാരോപണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. കൈവശമുള്ള അധികാരസ്ഥാനം അഴിമതിയ്ക്ക് മാത്രം ഉപയോഗിച്ചതുകൊണ്ടാണ് മോദിക്ക് ഇങ്ങനെയൊക്കെ തോന്നുന്നതെന്നും പിണറായി ആരോപിച്ചു.