ബിജെപി പ്രവര്‍ത്തകന് നേർക്ക് ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ സുരക്ഷിതമായിരിക്കില്ല; ഭീഷണിയുമായി കേന്ദ്രസഹമന്ത്രി

single-img
19 April 2019

ഗാസിപൂര്‍:ബിജെപിക്ക് പ്രവർത്തകന് നേർക്ക് വിരല്‍ ചൂണ്ടുന്നവര്‍ നാല് മണിക്കൂറിനുള്ളില്‍ വിവരം അറിയുമെന്ന ഭീഷണിയുമായി കേന്ദ്രസഹമന്ത്രി മനോജ് സിന്‍ഹ. ഇന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സിന്‍ഹയുടെ ഭീഷണിപ്പെടുത്തല്‍.

മനോജ് സിന്‍ഹയുടെ വാക്കുകളിലേക്ക്- “ബിജെപി പ്രവര്‍ത്തകന്നേർക്ക് ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍, ഞാൻ ഉറപ്പിച്ചു നിങ്ങളോടു പറയുകയാണ്, നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ സുരക്ഷിതമായിരിക്കില്ല.” .

രാജ്യത്ത് നടക്കുന്ന അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരേ പോരാടാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാണ്. അതിനാൽ തന്നെ ബിജെപിക്കാരനെ അഴിമതിക്കാരനായി കാണാനുള്ള സാഹസത്തിന് ആരും മുതിരേണ്ട. അഥവാ ആരെങ്കിലും അങ്ങിനെ ചെയ്താല്‍ ആ കണ്ണുകള്‍ പിന്നെ സുരക്ഷിതമായിരിക്കില്ല എന്നും സിന്‍ഹ പറഞ്ഞു.

ഗാസിപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനോജ് സിന്‍ഹ ഇതിനു മുൻപ് മൂന്ന് തവണ എംപിയായിട്ടുള്ള വ്യക്തിയാണ്. ഇന്ത്യയിൽ ജവഹര്‍ ലാല്‍ നെഹ്റുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യം ഇന്ന് നേരിടുന്നതുപോലെയുള്ള ഭീകരവാദ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്ന് സിന്‍ഹ അടുത്ത ദിവസങ്ങളിൽ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.