ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിക്ഷേപിച്ച കേസ്; സംഘപരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു

single-img
19 April 2019

മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ബിനില്‍ സോമസുന്ദരത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.

മംഗലാപുരത്ത് നിന്ന് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കൈക്കൊണ്ട നടപടിക്കെതിരെ മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റ് ഇട്ടതിന് ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

ഫെയ്‌സ്ബുക് പോസ്റ്റ് സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സൈബര്‍ സെല്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണു പൊലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റു ച്യെതത്.

ചൊവ്വാഴ്ച വൈകിട്ടാണ് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്. ‘ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍’ എന്നാണ് ഫെയ്‌സ്ബുക്കില്‍ ബിനില്‍ പരിചയപ്പെടുത്തുന്നത്. ചൊവ്വാഴ്ച ഇട്ട പോസ്റ്റ് പിന്നീടു നീക്കം ചെയ്തു. അതേസമയം തന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നു എന്നു കാട്ടി ബിനില്‍ സോമസുന്ദരം കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.