നിങ്ങള്‍ ചാണകത്തില്‍ ചവിട്ടും എന്നു ഒരിക്കലും വിചാരിച്ചില്ല; ബിജു മേനോനെതിരേ സൈബര്‍ ആക്രമണം

single-img
19 April 2019

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോനെതിരേ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

നിങ്ങള്‍ ചാണകത്തില്‍ ചവിട്ടും എന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന് ആരാധകര്‍ പറയുന്നു. ”ബിജു മേനോന്‍ സിനിമയാണങ്കില്‍ ഒന്നും നോക്കാതെ തിയേറ്ററില്‍ പോയി കണ്ടിരുന്നതാണ്.. അത് താങ്കളോടുള്ള ഇഷ്ട്ടം കൊണ്ടുമായിരുന്നു.. ഇതിപ്പോ ചാണക കുഴിയില്‍ വീഴാന്‍ സ്വായം തീരുമാനിച്ച സ്ഥിതിക്ക് എല്ലാ ഇഷ്ടങ്ങളും, സ്‌നേഹങ്ങളും ഇങ്ങ് പിന്‍വലിക്കുന്നു” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്നാല്‍ ബിജു മേനോന് പിന്തുണയായെത്തുന്നവരും കുറവല്ല. ഒരു സഹപ്രവര്‍ത്തകന് വേണ്ടി വോട്ടഭ്യര്‍ഥിച്ചതില്‍ തെറ്റെന്താണെന്ന് ഇവര്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയൊടൊപ്പം എന്ന പരിപാടിയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടി ബിജുവെത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടിരുന്നു. നടി പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.