അവസാന ലാപ്പില്‍ ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി എഎന്‍ആര്‍

single-img
19 April 2019

പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോഫിനിഷിലേക്ക്. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ അവസാന ലാപ്പില്‍ മേല്‍ക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികള്‍.

ആരോപണപ്രത്യാരോപണങ്ങള്‍, വിവാദങ്ങള്‍, അവകാശവാദ വാദങ്ങള്‍ ഇവയെല്ലാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മൂന്നു മുന്നണികളും. മൂന്നാം നാള്‍ കൊട്ടിക്കലാശം എന്നിരിക്കെ പ്രചാരണത്തിലെ മേല്‍ക്കോയ്മ ആര്‍ക്കെന്ന പ്രവചനം നിലവില്‍ അസാധ്യം.

അതിനിടെ ചാലക്കുടി മണ്ഡലത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. യുവജനങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം അഭൂതപൂര്‍വമായ പങ്കാളിത്തമാണ് മിക്കയിടത്തും. നരേന്ദ്ര മോദിയുടെയും എ.എന്‍. രാധാകൃഷ്ണന്റെയും ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടും താമര ഡിസൈനുള്ള സാരിയും ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രചാരണത്തിനു വ്യത്യസ്തത പകര്‍ന്നു.

ഇന്നലെ രാവിലെ വെങ്ങോലയില്‍ നിന്ന് ആരംഭിച്ച പ്രചാരണം അയ്യഞ്ചിറങ്ങര, നെടുമല, അല്ലപ്ര, പെരുമ്പാവൂര്‍ടൗണ്‍, ഇരിങ്ങോള്‍ കാവ്, കൂവപ്പടി,ചേലാമറ്റം, താന്നിപ്പുഴ, ഇടവൂര്‍, പയ്യാല്‍, പുന്നയം, ഓടക്കാലി, വണ്ടിമറ്റം, നെല്ലിമോളം, രായമംഗലം, കുറുപ്പംപടി തുടങ്ങി എഴുപതില്‍പരം കേന്ദ്രങ്ങളിലൂടെ പുല്ലുവഴിയില്‍ സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിലെല്ലാം മുത്തുക്കുടകളും പൂക്കളുമായി ജനക്കൂട്ടം കാത്തുനിന്നു. ചിലര്‍ മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. പിന്തുണ വാഗ്ദാനം ചെയ്തു. പ്രളയവും, ശബരിമല വിഷയവും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്. ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ മോദി വിമര്‍ശനത്തില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിന്റെ വികസനം ചര്‍ച്ചയാകുന്നില്ല. ഇരിങ്ങോള്‍ കാവ് കേന്ദ്ര പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു.

2008 ല്‍ നടന്ന മണ്ഡല പുനക്രമീകരണത്തിലൂടെയാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി. തൃശൂര്‍ ജില്ലയിലെയും എറണാകുളം ജില്ലയിലെയും വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.

2009 ലും 2014 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമാണ് ചാലക്കുടി മണ്ഡലത്തിനുള്ളത്. 2009 ല്‍ നടന്ന ഇലക്ഷനില്‍ കെ പി ധനപാലനിലൂടെ യുഡിഎഫാണ് വിജയം നേടിയത്. എന്നാല്‍ 2014 ല്‍ സിനിമാ താരം ഇന്നസെന്റിലൂടെ ഇടത്തുപക്ഷം അട്ടിമറി വിജയം നേടി. ആ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് 3,58,440 വോട്ടുകള്‍ നേടി. അതായത് മണ്ഡലത്തിലെ ആകെ വോട്ടിന്റെ 40.55 ശതമാനം. യുഡിഎഫിന്റെ പി സി ചാക്കോ 2014 ലെ തെരഞ്ഞെടുപ്പില്‍ 3,44,556 വോട്ടുകളാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ 82,848 വോട്ടുകളും നേടി. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം.

2014ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടി മിന്നും പ്രകടനമായിരുന്നു ബിജെപിയുടേത്. കടുത്ത ത്രികോണ മത്സരത്തില്‍ 2009നേക്കാള്‍ കൂടുതല്‍ വോട്ടുകളോടെ ശ്രദ്ധേയ നേട്ടം കൈവരിക്കാനും കരുത്ത് തെളിയിക്കാനും ബിജെപിക്ക് സാധിച്ചു. അതിനാല്‍ ഇത്തവണ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി 54കാരനായ എ.എന്‍.രാധാകൃഷ്ണനെ ബിജെപി തെരഞ്ഞെടുപ്പ് ഗോദായിലിറക്കുന്നത് ഏറെ ആത്മവിശ്വാസത്തോടെയാണ്