തലച്ചോറില്‍ റോഡപകടങ്ങളിലുണ്ടാകുന്ന വിധത്തിലുള്ള പരിക്ക്: തടി കൊണ്ട് തലയില്‍ ആഞ്ഞടിച്ചു; ശരീരത്തില്‍ ചട്ടുകം കൊണ്ട് പൊള്ളിച്ചു: ആലുവയില്‍ മരിച്ച കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം

single-img
19 April 2019

ആലുവയില്‍ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന കുട്ടി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണോ എന്നതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണത്തിനായി പൊലീസിന്റെ ഒരു സംഘം ജാര്‍ഖണ്ഡിലേക്കും ഒരു സംഘം ബംഗാളിലേക്കും തിരിച്ചു.

ജാര്‍ഖണ്ഡ് പൊലീസുമായും ബംഗാള്‍ പൊലീസുമായും കൊച്ചി പൊലീസ് കമ്മീഷണര്‍ ബന്ധപ്പെട്ടു. റിമാന്റിലുള്ള അമ്മയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന.

ഡോക്ടര്‍മാരുടെ ശ്രദ്ധാപൂര്‍വ്വമായുള്ള ഇടപെടലാണ് സംഭവത്തിന് പിന്നിലെ ക്രൂരതകള്‍ പുറത്ത് കൊണ്ടു വന്നത്. നേരത്തേ തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മരണത്തിന് പിന്നിലും സമാനമായ രീതിയിലായിരുന്നു ക്രൂരതകള്‍ പുറത്ത് വന്നത്.

റോഡപകടങ്ങളില്‍ ഉണ്ടാകുന്ന വിധത്തിലുള്ള പരിക്കുമായാണ് മൂന്നു വയസ്സുകാരനെ പിതാവ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന് എന്ത് സംഭവിച്ചതാണെന്ന് അന്വേഷിച്ച ഡോക്ടര്‍മാരോട് പിതാവ് പറഞ്ഞ ന്യായീകരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാരാണ് പൊലീസിനെ വിവരമറിയിച്ചത്. എട്ടടി ഉയരത്തിലുള്ള കോണിപ്പടിയില്‍ നിന്ന് കുട്ടി തറയിലേയ്ക്ക് വീണെന്നായിരുന്നു പിതാവ് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയങ്ങളാണ് ക്രൂര മര്‍ദനത്തിന്റെ വിവരം പുറത്തെത്തിച്ചത്.

ആദ്യ കാഴ്ചയില്‍ തന്നെ കുട്ടിക്ക് സ്ഥിരമായി മര്‍ദനമേല്‍ക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു. ദേഹമാസകലം വിവിധ തരത്തിലുള്ള പൊള്ളലേറ്റ പാടുകളാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ഇരു കാല്‍പാദത്തിലും അടികൊണ്ട പാടുകളും, വലത്തെ കാല്‍മുട്ടിനു സമീപം വളരെ അടുത്ത ദിവസങ്ങളില്‍ പൊള്ളലേറ്റ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

കുട്ടിയുടെ അരഭാഗത്തായി പൊള്ളലേറ്റ രണ്ട് പാടുകളും പരിശോധനയില്‍ കണ്ടെത്തി. ഈ പാടുകള്‍ വളരെ നാള്‍ പഴക്കമേറിയവയാണ്. ഇതില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ കുഞ്ഞ് നിരന്തരമായി ആക്രമണത്തിന് ഇരയാകാറുണ്ടെന്ന കാര്യം വ്യക്തമായത്.

കുട്ടിയുടെ തലച്ചോറിന്റെ വലതു ഭാഗത്തായി രക്തസ്രാവം വരുന്നതായി സി.ടി. സ്‌കാനില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. ആ ഭാഗത്താണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശക്തിയായ വീഴ്ചയിലോ, അടിയേറ്റാലോ ആണ് ഇത്തരത്തില്‍ രക്തസ്രാവം ഉണ്ടാകുന്നത്. ഇത്രയും പരിക്കുകള്‍ കണ്ടതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ വിവരം പുറത്തുവന്നത്.