കൊടിയവേദനയ്ക്ക് വിടനല്‍കി കൊച്ചിയിലെ ആ കുരുന്നും മരണത്തിന് കീഴടങ്ങി

single-img
19 April 2019

കളമശ്ശേരിയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. തലച്ചോറിന് മാരക പരിക്കേറ്റ കുഞ്ഞ് ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശസ്ത്രക്രിയ നടത്തിയിട്ടും തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിൽ തുടര്‍ന്ന കുഞ്ഞ് രാവിലെ 9.45 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, കുട്ടിയെ മര്‍ദിച്ച ബംഗാളിയായ അമ്മയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ മര്‍ദനത്തില്‍ ഏഴുവയസുകാരന്‍ മരിച്ച് ഒരുമാസം പൂര്‍ത്തിയാകും മുന്‍പേയാണ് സമാനമായ ആക്രമണം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ മര്‍ദിച്ചെന്ന് അമ്മ സമ്മതിച്ചത്. അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി.

അമ്മക്കൊപ്പം താമസിക്കുന്ന ആള്‍ കുട്ടിയുടെ അച്ഛന്‍ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തില്‍ എത്തിയത് രണ്ടാഴ്ച മുന്‍പ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍കാരന്‍ സ്വകാര്യ കമ്പനിയില്‍ ക്രയിന്‍ ഓപ്പറേറ്ററായി ഒരു വര്‍ഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്‍ദിച്ചതില്‍ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി.