പ്രവാസികളുടെ അക്കൗണ്ട്‌ വിവരങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുന്ന തന്ത്രങ്ങളുമായി പുതിയ സംഘങ്ങള്‍ രംഗത്ത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

single-img
19 April 2019

അബുദാബി: പ്രവാസികളുടെ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അവരറിയാതെ കൈവശപ്പെടുത്തി പണം തട്ടുന്ന തന്ത്രങ്ങളുമായി പുതിയ സംഘങ്ങള്‍ രംഗത്ത്. ഇവരിലൂടെ നിരവധി പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും തട്ടിപ്പുകാരുടെ സന്ദേശങ്ങള്‍ ലഭിച്ചതോടെ അബുദാബി പോലീസ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ആളുകള്‍ക്ക് ഫോണ്‍ വിളികള്‍ ലഭിക്കുന്നത്. പ്രാദേശിക- ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന പരിപാടികളുടെ സംഘാടകരെന്ന് പരിചയപ്പെടുത്തിയും ചിലരെ ബന്ധപ്പെട്ടിട്ടുണ്ട്. പരിപാടികളുടെ ഭാഗമായി സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് അറിയിച്ച ശേഷം പണം നല്‍കുന്നതിനായി അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുകയാണ് ഇവരുടെ പണി.

ഈ രീതിയിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ബോധവാന്മാരായിരിക്കണമെന്ന് അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അറിയിച്ചു. ഇങ്ങിനെയുള്ള ഫോണ്‍ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവര്‍ അവ അവഗണിക്കണമെന്നും ഒരു വിവരവും കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു.