കൊല്ലം മണ്ഡലത്തില്‍ വോട്ടില്ല എങ്കിലും മൺറോതുരുത്ത് നിവാസികള്‍ കെ എൻ ബാലഗോപാലന് വോട്ട് തേടി കൊല്ലം പട്ടണത്തിലിറങ്ങി; അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്

single-img
18 April 2019

കൊല്ലം : മൺറോതുരുത്തിലെ ജനങ്ങള്‍ക്ക് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടില്ല. പക്ഷെ അവര്‍ കോരിച്ചൊരിഞ്ഞെത്തിയ വേനൽ മഴയെ അവഗണിച്ച്‌ കെ എൻ ബാലഗോപാലന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തിൽ ഇറങ്ങി. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ചരിത്രം. അത് ഇങ്ങിനെയാണ്‌- ഒരിക്കല്‍ മുങ്ങിതാഴ്ന്നുകൊണ്ടിരുന്ന മൺറോതുരുത്തിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ആളാണ്‌ ബാലഗോപാല്‍ എന്നത്.

മൺറോതുരുത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന മൺറോതുരുത്ത് നിവാസികള്‍ പെരുമണിൽ നിന്നും സൈക്കിൾ റാലിയായാണ്‌ കൊല്ലത്ത് എത്തിയത്. രാജ്യസഭയില്‍ അംഗമായിരിക്കെ കെ എൻ ബാലഗോപാലാണ് പാർലമെന്റിലും പരിസ്ഥിതി വ്യതിയാനങ്ങളെകുറിച്ച് തായ്ലന്റിൽ നടന്ന അന്താരാഷ്ട്ര സെമിനാറിലും മൺറോതുരുത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ വിഷയാവതരണശേഷം അന്താരാഷ്ട്ര പഠനസംഘങ്ങള്‍ മൺറോതുരുത്തിലെത്തി.

അതോടെ പഴയകാല ബ്രിട്ടീഷ് നിര്‍മിതികള്‍, പുരാതന ശേഖരങ്ങള്‍, പഴയ പള്ളികള്‍ എന്നിങ്ങനെ നീളുന്ന ചരിത്രാവശേഷിപ്പുകള്‍ ഉള്ളതും. ആനകള്‍ നദിയിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തുന്ന കൗതുക കാഴ്ച നിറഞ്ഞതും കേരളത്തിലെ ആദ്യത്തെ കോളേജ് കെട്ടിപ്പൊക്കാനുള്ള മൂലധനത്തിന്റെ ഉത്ഭവസ്ഥാനമെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയായ മൺറോതുരുത്തിന്റെ ടൂറിസം സാധ്യതകളും വർധിച്ചു.

ഇതിന് പുറമേ കെ എൻ ബാലഗോപാൽ മുൻ കൈയെടുത്ത് ഒരു ഭവനമാതൃകയും മൺറോത്തുരുത്തിനായി ഒരുക്കി. മാത്രമല്ല, സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൺറോതുരുത്തിൽ നിർമ്മിക്കുന്ന ആംഫിബിയസ് വീടിന്റെ ശില്പിയും ബാലഗോപാലാണ്.