Featured

19ാം വയസ്സില്‍ അച്ഛന് കരള്‍ പകുത്തു നല്‍കി മകള്‍; അഭിനന്ദിച്ച് ലോകം

പെണ്‍കുഞ്ഞുങ്ങള്‍ ശാപമാണെന്നും ഭാരമാണെന്നും ചിന്തിച്ചിരുന്ന ആളുകളില്‍ പലരും ഒരു നിമിഷത്തേക്കെങ്കിലും പ്രാര്‍ഥിച്ചിട്ടുണ്ടാവും രാഖി ദത്തയെ പോലെ ഒരു മകളെ കിട്ടാന്‍. തന്റെ കരളിന്റെ 65 ശതമാനം അച്ഛനു പകുത്തു നല്‍കി ജീവിതത്തെ ധീരതയോടെ നേരിടുകയാണ് ഈ പത്തൊമ്പതുകാരി. പെണ്‍കുഞ്ഞുങ്ങളുടെ പിറവിയെ വെറുക്കുന്നവര്‍ക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയാണിവള്‍ എന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്.

രണ്ട് പെണ്‍മക്കളാണ് രാഖിയുടെ അച്ഛന്. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രോഗം നിര്‍ണയിക്കാനും ഫലപ്രദമായ രീതിയില്‍ ചികില്‍സ നല്‍കാനും കൊല്‍ക്കത്തയിലെ പ്രമുഖ ഡോക്ടര്‍മാര്‍ക്ക് പോലും കഴിയാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ഇരുവരും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജിയില്‍ എത്തിയത്.

അച്ഛന്റെ അവസ്ഥയെക്കുറിച്ചും കരള്‍മാറ്റ ശസ്ത്രക്രിയയെക്കുറിച്ചും ഒക്കെ അവിടുത്തെ ഡോക്ടര്‍മാര്‍ പെണ്‍മക്കളോട് വിശദീകരിച്ചു. എത്ര തേടിയിട്ടും അച്ഛന് അനുയോജ്യമായ ഒരു കരള്‍ ദാതാവിനെ കണ്ടെത്താന്‍ അവര്‍ക്കായില്ല. സമയം മുന്നോട്ടു പോകുന്തോറും അച്ഛന് ജീവനു തന്നെ ആപത്തു സംഭവിച്ചേക്കാം എന്ന തിരിച്ചറിവിലാണ് കൗമാരക്കാരിയായ ആ പെണ്‍കുട്ടി മറ്റു പലര്‍ക്കും കഠിനമെന്നു തോന്നാവുന്ന ഒരു തീരുമാനമെടുത്തത്.

തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നല്‍കാന്‍ തയാറാണെന്ന് അവള്‍ ഡോക്ടര്‍മാരെ അറിയിച്ചു. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃതമായ വടുക്കളെപ്പറ്റിയോ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ സങ്കടപ്പെടാതെ ധീരമായ തീരുമാനമെടുത്തു. അവളുടെ തീരുമാനത്തെ ഡോക്ടര്‍മാരും അഭിനന്ദിച്ചു.