മോദിക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും അജ്ഞാത പെട്ടി: പരിശോധന തടഞ്ഞ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി മന്ത്രി: വീഡിയോ

single-img
18 April 2019

കഴിഞ്ഞദിവസം ഒഡീഷയിലെത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ധര്‍മ്മേന്ദ്ര പ്രധാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തടഞ്ഞ സംഭവം വിവാദമാകുന്നു. മന്ത്രിയുടെ ഹെലികോപ്റ്ററും സീല്‍ ചെയ്ത നിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

മാത്രമല്ല, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതോടെ മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയില്‍ പണമാണെന്ന ആരോപണവുമായി ബി.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി.

മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയില്‍ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.ഡി.യുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ബി.ജെ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ഒരു പെട്ടി പുറത്തേക്ക് കൊണ്ടുപോയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.