എന്‍എസ്എസും കൈവിട്ടതോടെ ജാതി, മത കാർഡിറക്കി എങ്ങിനെയും പത്തനംതിട്ട കടക്കാന്‍ ബിജെപി; ജനങ്ങള്‍ക്ക് ആഭിമുഖ്യം യുഡിഎഫിനോട്; മണ്ഡലത്തില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടം

single-img
18 April 2019

കേരളത്തില്‍ മാത്രമല്ല, രാജ്യമാകെ ശ്രദ്ധിക്കുന്ന മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ മൂന്നു മുന്നണികളും തമ്മില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വ്യക്തമാകുന്നു. കേരളത്തിൽ പ്രധാനമായും ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നാണ് ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട എന്നതാണ് ഇന്ത്യയിൽ തന്നെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

അതിനാല്‍ തന്നെ ഇവിടെ പരാജയപ്പെട്ടാല്‍ ബിജെപിയുടെ കേരളാ രാഷ്ട്രീയത്തിലെ അവസാന പ്രതീക്ഷയാകും നഷ്ടമാകുക. അതൊഴിവാക്കാന്‍ ജാതി, മത കാർഡിറക്കി കളിച്ച്, എങ്ങിനെയും ജയിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതേസമയം, മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന ശക്തമായ ആശങ്കയിലാണ് ഇടതു മുന്നണി.

നിലവില്‍ ബി ജെ പി പ്രതീക്ഷിക്കുന്ന വിധത്തിൽ ഹിന്ദു വോട്ടുകൾ പ്രത്യേകിച്ച് നായർ വോട്ടുകൾ സ്വരൂപിക്കാൻ അവർക്ക് കഴിയില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നായര്‍ സമുദായത്തിന് മേധാവിത്വമുള്ള നിയമസഭാ മണ്ഡലങ്ങളായ അടൂർ, ആറന്മുള, റാന്നി എന്നിവിടങ്ങളിൽ ഈ സൂചന ലഭ്യമാണ്. ഈ ഭാഗങ്ങളില്‍ നായർ വിഭാഗം എക്കാലവും യു ഡി എഫിനോടോപ്പമാണ് നിലകൊണ്ടിരുന്നത്. ഇക്കുറിയും കാര്യമായ മാറ്റം ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്.

അതേപോലെതന്നെ ശബരിമല വിഷയത്തിൽ ബി ജെ പി, ആർ എസ് എസ് സ്വീകരിച്ച നിലപാടുകളിലെ ആത്മാർത്ഥതയിലാണ് ഹൈന്ദവ സമൂഹത്തിന് സംശയമുള്ളത്. ബിജെപിയുടെ സ്ഥാനാർത്ഥിയുടെ ഇക്കാര്യത്തിലുള്ള നിലപാടുകൾ ഹിന്ദു സമൂഹം യുക്തിസഹജമായി വിലയിരുത്തുന്നുണ്ട്. ശബരിമല ക്ഷേത്രവുമായി വൈകാരിക ബന്ധമുള്ള മണ്ഡലം എന്ന നിലയിൽ ഇവിടത്തെ വോട്ടർമാർക്ക് സുരേന്ദ്രൻ ഇരുമുടികെട്ടിനെ അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചതിൽ കടുത്ത അമർഷമുണ്ട്.

കേരളത്തില്‍ ശബരിമല സമരം ആദ്യം ഉയർന്നു വന്നത് പത്തനംതിട്ടയിലാണ്. രാഷ്ട്രീയ പിന്തുണ ഇല്ലാതെ ഇത് ഭക്തർ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതാണ്. എന്നാൽ പിന്നീട് ബിജെ പി – ആർ എസ് എസ് കൂട്ടുകെട്ട് ഇതിനെ അപഹാസ്യമാക്കി എന്ന അഭിപ്രായമാണ് വലിയൊരു വിഭാഗം ഹിന്ദുക്കൾക്കിടയിൽ ഉള്ളത്. ആർ എസ് എസ് നേതാവായ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയെ അപമാനിച്ചതും അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ തേങ്ങ എറിയാൻ ശ്രമിച്ചതടക്കമുള്ള സംഭവങ്ങൾ വിങ്ങലോടെയാണ് വിശ്വാസികൾ കാണുന്നത്.

ഇടതുമുന്നണിയും സര്‍ക്കാരും വിശ്വാസികളെ പാടെ അവജ്ഞയോടെ തള്ളുന്ന നിലപാട് സ്വീകരിച്ചപ്പോൾ ബി ജെ പി – ആർ എസ് എസ് നേതാക്കൾ വിശ്വാസികളെ അപമാനിച്ചു എന്ന നിലപാടാണ് ഇവിടത്തെ ഹിന്ദു സമൂഹത്തിനുള്ളത്. അംഗങ്ങളുടെ ഈ വികാരം കണക്കിലെടുത്താണ് എൻ എസ് എസ് സുവ്യക്തമായി തങ്ങളുടെ നിലപാട് അവതരിപ്പിച്ചത്. വിശ്വാസികളുടെ വികാരം ശരിയായി മനസിലാക്കി കേന്ദ്ര സർക്കാരും ചെയ്യേണ്ടത് ചെയ്തില്ല എന്ന എൻ എസ് എസ് ജനറൽ സെക്രെട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന വരികൾക്കിടയിലൂടെ വായിക്കേണ്ടതാണ്.

വിഷയത്തില്‍ പന്തളം കൊട്ടാരവും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ വോട്ടാക്കി മാറ്റാനുള്ള ഹീനതന്ത്രങ്ങളെ വ്യക്തമായി എതിർക്കുന്ന നിലപാടാണ് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള എൻ എസ് എസും പന്തളം കൊട്ടാരവും സ്വീകരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളിലെ പോലെ സമദൂര സിദ്ധാന്തത്തിൽ എൻ എസ് എസ് ഉറച്ചു നിൽക്കുന്നുവെന്ന പെരുന്നയുടെ നിലപാട് ശ്രദ്ധേയമാണെന്ന് ഇവിടത്തെ ഹൈന്ദവ വോട്ടർമാർ കരുതുന്നു. അതിനാല്‍ ഹൈന്ദവ സമൂഹത്തെ പ്രത്യേകിച്ച് നായർ വിഭാഗത്തെ വോട്ട് ബാങ്കായി തിരിക്കാനുള്ള നീക്കത്തെ വോട്ടർമാർ വിവേകത്തോടെ തിരിച്ചറിയുമെന്ന് യു ഡി എഫിന്റെ നേതാക്കൾ പറഞ്ഞു.

ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗമാണ്‌ പതനതിട്ട മണ്ഡലത്തിൽ ബഹുഭൂരിപക്ഷം. കരുത്തുള്ള മതസൗഹാർദം മണ്ഡലത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രശസ്തമായ രണ്ടു മത കൺവെൻഷനുകൾ നടക്കുന്നതും ഈ മണ്ഡലത്തിന്റെ പരിധിയിലാണ്, മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ ഹിന്ദു മത കൺവെൻഷനും. ഇത് രണ്ടും ജാതി- മത വ്യത്യാസമില്ലാത്ത ജനസംഗമങ്ങളാണ്. മറുവശത്ത് ആകട്ടെ, നാനാജാതി മതസ്ഥർ എത്തുന്ന ആറന്മുള ക്ഷേത്രവും മലയാലപ്പുഴ ക്ഷേത്രവും മഞ്ഞനിക്കര, പരുമല പള്ളിയും സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവയെല്ലാം തന്നെ മത സൗഹാർദത്തിന്റെ ഏറ്റവും സജീവമായ പ്രതീകങ്ങളാണ്.

സാഹചര്യങ്ങള്‍ ഇങ്ങിനെ ആയിരിക്കെ മത സൗഹാർദ്ദത്തിന് കത്തി വെയ്ക്കുന്ന തരത്തിലുള്ള ബി ജെ പിയുടെ വർഗീയ വിഷംചീറ്റലിൽ പത്തനംതിട്ടയിലെ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം ബി ജെ പിയുടെ കണക്കുക്കൂട്ടലുകളെ പാടെ തെറ്റിക്കുന്നതാകും. ജാതി- മത ധ്രുവീകരണത്തിന് ഇവിടെ വേരോട്ടം ഉണ്ടാകില്ലെന്ന് വോട്ടർമാർ പറയുന്നു. ഉറച്ച മത സൗഹാർദ പാരമ്പര്യം മണ്ഡലത്തിന്റെ കരുത്താണ്.

മണ്ഡലത്തിലെ വിശ്വാസികൾക്ക് ഇടതു സർക്കാരിനോടുള്ള പ്രതിഷേധം അതിശക്തവുമാണ്. ശബരിമല വിഷയത്തില്‍ യു ഡി എഫ് പ്രത്യേകിച്ച് കോൺഗ്രസ് ആചാര സംരക്ഷണത്തിന് സ്വീകരിച്ച ഹിംസാത്മകമല്ലാത്ത നിലപാടിനോട് കൂടുതൽ പേരും ആഭിമുഖ്യം പുലർത്തുന്നു എന്നതാണ് ഇവിടത്തെ പ്രത്യേകത. മണ്ഡലത്തിന് പുറത്തേക്ക് പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു തരംഗവും ബി ജെ പിക്ക് അനുകൂലമായി ഇവിടെ ഇല്ല എന്നതാണ് വാസ്തവം.