റാഫേല്‍ അഴിമതിയില്‍ അനില്‍ അംബാനിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ചൊരിയുമ്പോള്‍ ദക്ഷിണ മുംബെെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മുകേഷ് അംബാനി

single-img
18 April 2019

മുംബെെ: റാഫേല്‍ ഇടപാടിലെ അഴിമതികളില്‍ സഹോദരന്‍ അനില്‍ അംബാനിക്കെതിരെ കര്‍ശന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് ചൊരിയുമ്പോള്‍ അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചുകൊണ്ട് സഹോദരന്‍ മുകേഷ് അംബാനി. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ദക്ഷിണ മുംബെെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലിന്ദ് ദിയോറയ്ക്കാണ് പിന്തുണ നല്‍കിയിരിക്കുന്നത്. തനിക്ക് പിന്തുണ നല്‍കിക്കൊണ്ട് മുകേഷ് അംബാനി സംസാരിക്കുന്നതിന്‍റെ വീഡിയോ മിലിന്ദ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു.

മഹാരാഷ്ട്രയിലെ ദക്ഷിണ മുംബെെയില്‍ നിന്നുള്ളയാളാണ് മിലിന്ദ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് വീഡിയോയില്‍ മുകേഷ് അംബാനി പറയുന്നു. കൊച്ചു കച്ചവടക്കാര്‍ മുതല്‍ വലിയ വ്യവസായികള്‍ വരെ, എല്ലാവര്‍ക്കും വേണ്ടി… എന്ന കുറിപ്പോടെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ മിലിന്ദ് ദിയോറ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദക്ഷിണ മുംബെെ എന്ന് പറയുന്നത് തന്നെ ബിസിനസ് ആണ്. ആ മുംബെെയിലേക്ക് ബിസിനസിനെ തിരിച്ചെത്തിക്കണം. തൊഴില്‍ ഇല്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുഖ്യ പ്രാധാന്യം നമ്മള്‍ നല്‍കണമെന്നും തന്‍റെ ട്വീറ്റില്‍ മിലിന്ദ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ഒരു സ്ഥനാര്‍ത്ഥിക്ക് വേണ്ടി രംഗത്ത് വരുന്നത് അപൂര്‍വ്വമായ സംഭവമാണ്.