കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് പരിശോധന ഫീസ് വര്‍ധിപ്പിച്ചു

single-img
18 April 2019

കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡില്‍ വിദേശികള്‍ക്കുള്ള പരിശോധന ഫീസ് വര്‍ധിപ്പിച്ചു. അഞ്ച് ദീനാറില്‍ നിന്ന് 10 ദീനാറായാണ് വര്‍ദ്ധിപ്പിച്ചത്. എമര്‍ജന്‍സി വാര്‍ഡുകളിലെ തിരക്ക് കുറക്കാനാണ് അത്ര ഗുരുതരമല്ലാത്ത കേസുകളില്‍ ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, അത്യാഹിതവും ഗുരുതരവുമായ കേസുകളില്‍ നിരക്ക് വര്‍ധന ബാധകമാവില്ല. ആശുപത്രി മേധാവികള്‍ക്ക് ഓരോ കേസുകളും വിലയിരുത്തി ഫീസ് ഇളവ് നല്‍കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്ക് മാത്രമാണ് നിരക്ക് വര്‍ധന ബാധകമാകുക.

സര്‍ക്കാര്‍ ആശുപത്രികളിലെ ട്രോമാ വിഭാഗത്തെ ആശ്രയിക്കാതെ അവരവരുടെ താമസ സ്ഥലത്തെ പോളിക്ലിനിക്കുകളില്‍ ചികിത്സ തേടുന്നതിനായി വിദേശികളെ പ്രേരിപ്പിക്കുക എന്ന ഉദ്യേശവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.