പ്രചാരണത്തിനെത്തിയ കുമ്മനം നാട്ടുകാരുടെ ചൂടറിഞ്ഞു; കാലുകുത്താനാകാതെ ഒടുവില്‍ ‘സ്ഥലം കാലിയാക്കി’

single-img
18 April 2019

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പൂന്തുറയില്‍ നാട്ടുകാര്‍ തടഞ്ഞു. റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനൊപ്പമാണ് കുമ്മനം എത്തിയത്.

എന്നാല്‍ പൂന്തുറയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ഇരുവരെയും കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇത് ഏറെ നേരം സംഘര്‍ഷത്തിന് വഴിവെച്ചു. തുടര്‍ന്ന് പൂന്തുറ ജംഗ്ഷനില്‍ പ്രചാരണം അവസാനിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയുടെ റോഡ് ഷോ തടഞ്ഞതെന്നാണ് വിവരം.

നേരത്തെ ഓഖി ദുരന്തമുണ്ടായപ്പോള്‍ നിര്‍മ്മലാ സീതാരാമന്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപിയുടെ പ്രചാരണത്തിന് പ്രതിരോധമന്ത്രിയെത്തിയത്. എന്നാല്‍ മന്ത്രിയേയും സ്ഥാനാര്‍ത്ഥിയേയും ഉള്‍പ്രദേശങ്ങളിലേക്ക് കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല.