മുഖ്യമന്ത്രിക്ക് ഹിന്ദു മന്ത്രം കേട്ടാൽ ചൊറിച്ചിൽ: കെപി ശശികല

single-img
18 April 2019

തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി മിണ്ടരുതെന്ന് ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ബാബ്രി മസ്ജിദും ഗുജറാത്ത് കലാപവും വിലക്കാത്തതെന്നു ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ പി ശശികല.ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നോട്ടീസടക്കമുള്ള യാതൊരു മുന്നറിയിപ്പുകളും നല്‍കാതെയാണ് നീക്കം ചെയ്തതെന്നും  അവർ ആരോപിച്ചു.

ആശയപ്രചാരണത്തിനുള്ള അവകാശമാണ് ലംഘിക്കപ്പെട്ടത്. വിഷയത്തില്‍ പരാതി നല്‍കുമെന്നും സംഘടനാപരമായി പ്രതിഷേധിക്കുമെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്. കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്. പിണറായി സര്‍ക്കാരിനെതിരെ തങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. ശബരിമല വിഷയം ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും അവർ പറഞ്ഞു.

രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം എന്ന് പറഞ്ഞ് ഇരുളിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ആരെയൊക്കെയോ ഭയക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ശശികല ആരോപിച്ചു.ആറ്റിങ്ങലില്‍ നിന്ന് കര്‍മ്മസമിതിയുടെ ലഘുലേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ അവിടത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ നോട്ടീസിലെ ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കുമെന്നും ശശികല പറഞ്ഞു.