മുസ്ലീം ലീഗ് എയ്ഡ്‌സാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍

single-img
18 April 2019

മുസ്ലീം ലീഗ് വൈറസല്ല എയിഡ്‌സ് ആണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ലീഗ് കേരളത്തിലെ മത സംഘടനയാണ്. ജിന്നയുടെ പാരമ്പര്യമാണ് ലീഗിന്. വര്‍ഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടുമ്പോഴാണ് ബി ഗോപാലകൃഷ്ണന്റെ ഗുരുതര പരാമര്‍ശം.

കോണ്‍ഗ്രസിന് എതിരെയും ബി ഗോപാലകൃഷ്ണന്‍ നിരവധി അധിക്ഷേപങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണ്. തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാന്‍ പറ്റിയ ആളാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ്. രാഹുല്‍ തട്ടിപ്പ് ഹിന്ദു ആണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെയും ഗോപാലകൃഷ്ണന്‍ ലീഗിനെതിരെ ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. 1947ന് മുമ്പും ശേഷവും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ മുമ്പ് പറഞ്ഞത്. ഇന്ത്യയെ വിഭജിച്ച ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് മുസ്‌ലിം ലീഗ്. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച ഒരേയൊരു പാര്‍ട്ടിയാണ് ലീഗെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് ലീഗിനെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു.