കത്തിയമർന്ന നോത്രദാം കത്രീഡലിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ഫ്രാൻസ് ലോകമെങ്ങുനിന്നും വിദഗ്ദരായ ആർകിടെക്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു

single-img
18 April 2019

മാനവരാശിയുടെ ചരിത്രം പേറിനിന്ന പാരീസിലെ നോത്രദാം കത്രീഡലിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ഫ്രാൻസ് ലോകത്തെമ്പാടുമുള്ള വിദഗ്ദരായ ആർകിടെക്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു. ഏകദേശം 850 വർഷത്തോളം പഴക്കമുള്ള ദേവാലയത്തിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ നശിപ്പിക്കപ്പെട്ടപ്പോൾ തന്നെ ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ കത്രീഡൽ ഉടൻ പുതുക്കിപ്പണിയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി ദേവാലയം പുതുക്കിപ്പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനാണ് മത്സരം സംഘടിപ്പിക്കുന്നതെന്നുമാണ് സൂചന. എന്നാൽ പുതുക്കിപ്പണിയലിന്റെ എസ്റ്റിമേറ്റ് ഇതുവരെ തയ്യാറാക്കിയിട്ടില്ല. തീപിടുത്തം ഉണ്ടായപ്പോൾ തന്നെ ദേവാലയം പഴയതിനേക്കാൾ മനോഹരമാക്കിയിരിക്കും എന്ന് മാക്രോൺ ഫ്രഞ്ച് ജനതയ്ക്ക് വാക്കുനല്കിയിട്ടുണ്ട്. പുനർ നിർമ്മാണം കഴിയുന്നത് വരെ അഞ്ചോ ആറോ വർഷങ്ങൾ ദേവാലയത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.

ഫ്രാൻസിലെ വൻ വ്യവസായിമാരും കോടീശ്വരന്മാരും ഇതേവരെ 880 മില്യൺ യൂറോയോളം പുതുക്കിപ്പണിയലിനായി സമാഹരിച്ച് കഴിഞ്ഞുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തം ഉണ്ടാകുന്ന സമയത്ത് പള്ളിയിലുണ്ടായിരുന്ന മുപ്പതോളം സാക്ഷികളുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നേദിവസം രാത്രി പൂർണ്ണമായും വിശ്രമമില്ലാതെ പരിശ്രമിച്ചതുകൊണ്ടാണ് ഇപ്പോൾ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചതെന്നും ഈ ഗോഥിക് ഘടനയ്ക്ക് എന്തെല്ലാം കേടുപാടുകളാണ് പറ്റിയത് എന്നത് സംബന്ധിച്ച അന്വേഷണങ്ങൾ നടന്ന് വരികയാണെന്നും ജൂനിയർ ഇന്റീരിയർ മന്ത്രി ലോറെൻറ് നൂൺസ് ദി ഗാർഡിയനോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രാദേശിക സമയം 6.30നാണ് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ നോത്രദാം കത്തീഡ്രലിനു തീപിടിക്കുന്നത്.