ഉറച്ച മണ്ഡലങ്ങൾ അഞ്ച്; ആറ് മണ്ഡലങ്ങളിൽ പ്രതീക്ഷ: കേരളത്തിൽ ഇടതുമുന്നണി മികച്ച വിജയം സ്വന്തമാക്കുമെന്നു വിലയിരുത്തൽ

single-img
18 April 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി മികച്ച വിജയം സ്വന്തമാക്കുമെന്ന് വിലയിരുത്തൽ.  `സമകാലിക മലയാളം ടീം´ മുഴുവന്‍ മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരുമായും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുമായും തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങില്‍ സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുമായും സംസാരിച്ചു തയാറാക്കിയ വിലയിരുത്തലിലാണ് ഇടതുമുന്നണിക്ക് വിജയം പ്രവചിക്കുന്നത്. കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണി അഞ്ചിടത്ത് വിജയം ഉറപ്പിച്ചുവെന്നും  യുഡിഎഫ് മൂന്നിടങ്ങളിൽ മാത്രമേ മുന്നിട്ടുനിൽക്കുന്നുള്ളുവെന്നും വിലയിരുത്തലിൽ വ്യക്തമാക്കുന്നു.

ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് എന്നീ അഞ്ചു മണ്ഡലങ്ങളിലാണ് വ്യക്തമായ ഇടതു മുന്‍തൂക്കം. കൊല്ലം, മലപ്പുറം, വയനാട് എന്നീ മൂന്നു മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നീ മണ്ഡലങ്ങൾ ഈ സാഹചര്യത്തിൽ ആർക്കും പിടികൊടുക്കാത്ത നിലയിലാണെന്നും വ്യക്തമാക്കുന്നുണ്ട്.  മുഴുവൻ സംഘടന ശക്തിയും ഉപയോഗിച്ചാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എങ്കിലും കേരളത്തിൽ വലിയ പ്രതീക്ഷ വേണ്ട എന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏക മണ്ഡലം തിരുവനന്തപുരം ആണെന്നും എന്നാൽ ഈ മണ്ഡലത്തിൽ കുമ്മനത്തിന് ജയം അത്രയെളുപ്പമാകില്ലെന്നും സർവ്വേയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങള്‍ക്ക് നേരിയ ചായ്വ് ഇടത്തേക്കാണ്. മാവേലിക്കര, എറണാകുളം, തൃശൂര്‍, പൊന്നാനി, കണ്ണൂര്‍ എന്നിവയാണ് ഇതേവിധം നേരിയ യുഡിഎഫ് ചായവ് പ്രകടമാകുന്ന മണ്ഡലങ്ങള്‍. അങ്ങനെ വന്നാല്‍ എല്‍ഡിഎഫിനു പതിനൊന്നും യുഡിഎഫിന് ഒമ്പതും സീറ്റുകളാണ് ലഭിക്കുകയെന്നും  സർവ്വേയിൽ പറയുന്നു.

കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ച വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജനും കോണ്‍ഗ്രസിന്റെ കെ മുരളീധരനുമാണ് പൊരുതുന്നത്. ജയരാജന്റെ ജയം ഉറപ്പാക്കാന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ സംഘടനാ സംവിധാനം ഒന്നടങ്കം ഇറങ്ങിയതുകൂടിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ പി കെ ശ്രീമതിയുടെ സാധ്യത മങ്ങാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.

കോട്ടയം മണ്ഡലം  കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണിയുടെ നിര്യാണത്തിനു മുൻപ് ഇടതുപക്ഷത്തിന് അനുകൂലം ആയിരുന്നുവെങ്കിലും മാണിയുടെ മരണം ഉയർത്തിയ സഹതാപതരംഗം മണ്ഡലത്തിൽ യു ഡി എഫ് പക്ഷത്തേക്ക് കൊണ്ടുവന്നുവെന്നും സർവ്വേയിൽ പറയുന്നു.  കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസ് വര്‍ഷങ്ങള്‍ക്കു മുമ്പ് എംപിയായിരിക്കെ പാര്‍ട്ടി വിട്ടുപോയതിനെ പരാമര്‍ശിച്ച്, ‘ പി സി തോമസ് ചതിക്കുകയായിരുന്നു’ എന്ന് മാണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതിന്റെയും ചാഴികാടനെ അനുഗ്രഹിച്ച് അവസാനമായി മാധ്യമങ്ങളോടു സംസാരിച്ചതിന്റെയും വീഡിയോകള്‍ മണ്ഡലത്തിൽ പ്രചരിക്കുന്നത് തോമസ് ചാഴികാടൻ സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.

രണ്ട് മുന്നണികളിലുമായി മല്‍സരിക്കുന്ന ഒമ്പത് സിറ്റിംഗ് എംല്‍എമാരില്‍ ഉറച്ച വിജയസാധ്യത ഒരാള്‍ക്കുമില്ല എന്നാണ് വിലയിരുത്തല്‍. സി ദിവാകരന്‍ ( സിപിഐ-തിരുവനന്തപുരം), അടൂര്‍ പ്രകാശ് ( കോണ്‍ഗ്രസ് – ആറ്റിങ്ങല്‍), വീണാ ജോര്‍ജ്ജ് ( സിപിഎം- പത്തനംതിട്ട), ചിറ്റയം ഗോപകുമാര്‍ ( സിപിഐ- മാവേലിക്കര), എ എം ആരിഫ് ( സിപിഎം- ആലപ്പുഴ), ഹൈബി ഈഡന്‍ ( കോണ്‍ഗ്രസ്- എറണാകുളം), എ പ്രദീപ് കുമാര്‍ (സിപിഎം- കോഴിക്കോട്), കെ മുരളീധരന്‍ ( കോണ്‍ഗ്രസ്- വടകര), പി വി അന്‍വര്‍ ( സിപിഎം- പൊന്നാനി) എന്നിവരാണ് മല്‍സര രംഗത്തുള്ള എംഎല്‍എമാര്‍.