ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ പരുക്ക് ഗുരുതരം; വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍

single-img
18 April 2019

ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ്. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു.

കുട്ടിയുടെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാനും കുറ്റര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വധശ്രമത്തിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മൂന്നുവയസുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുക്കളയിലെ മേശയില്‍ നിന്ന് കുട്ടി താഴേക്ക് വീഴ്ന്നാണ് അപകടമുണ്ടായതെന്നാണ് കുട്ടിയുടെ പിതാവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിയും അച്ഛന്‍ പശ്ചിമ ബംഗാള്‍ സ്വാദേശിയുമാണ്. ഒരു വര്‍ഷം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. തുടര്‍ച്ചയായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു.
അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്യുകയാണ്. അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു.