‘അന്ന് ഇന്ദിരയും സഞ്ജയും തോറ്റതുകൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

single-img
18 April 2019

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകര്‍ക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക എന്നതാണെന്ന് കവി ബാചന്ദ്രന്‍ ചുള്ളിക്കാട്. അത് അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇനി രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബിജെപി ഭരണം സാധ്യമാക്കിയത്. നരസിംഹ റാവുവിന്റെ ഉദാസീനതയാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച സാധ്യമാക്കിയത്. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് താന്‍ വീണ്ടും ഈ തെരുവുകളില്‍ പ്രസംഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതു കൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നുവെന്നും ബാചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വീണ്ടും എറണാകുളത്തെ തെരുവുകളില്‍ പ്രസംഗിക്കുകയാണെന്ന് ചുള്ളിക്കാട് പറയുന്നു. കോണ്‍ഗ്രസുകാര്‍ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നില്‍ മരണം കാത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഇന്ന് ബിജെപിയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.