വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പി എം.പി നരസിംഹ റാവുവിനെതിരേ ചെരിപ്പേറ്; വീഡിയോ

single-img
18 April 2019

ബിജെപി എംപി ജി.വി.എല്‍ നരസിംഹ റാവുവിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ ചെരുപ്പേറ്. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. ചെരുപ്പെറിഞ്ഞയാളെ ബിജെപി പ്രവര്‍ത്തകര്‍ പിന്നീട് ബലമായി പിടിച്ച് പുറത്താക്കി. അതേസമയം, തനിക്കുനേരെ ഷൂ എറിഞ്ഞതിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് നരസിംഹ റാവു പ്രതികരിച്ചു.

സംഭവം നടന്ന സമയം ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവും റാവുവും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സാധ്വി പ്രജ്ഞാ സിങ് താക്കൂറടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാജക്കേസുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുള്ള ആരോപണം അവര്‍ ഉന്നയിക്കുന്നതിനിടെയാണ് റാവുവിനെതിരേ ചെരിപ്പേറുണ്ടായത്.