ആലുവയിലെ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദനം; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; തടി കൊണ്ട് തലയ്ക്കടിച്ചു; അമ്മ കുറ്റം സമ്മതിച്ചു; ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

single-img
18 April 2019

ആലുവ: കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മൂന്നുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളായ ജാര്‍ഖണ്ഡ് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബം കേരളത്തിലെത്തിയിട്ട് 20 ദിവസം മാത്രമാണ് ആയത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലച്ചോറിനകത്തെ രക്തസ്രാവം നിലച്ചിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്.

അതേസമയം, തുടര്‍ച്ചയായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്യുകയാണ്. അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു.

തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു.