വാജ്‌പേയിയുടെ വിലാപയാത്രയെ പോലും മോദിയുടെ റോഡ് ഷോയാക്കി മാറ്റി ബിജെപി

single-img
18 April 2019

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ വിലാപയാത്ര മോദിയുടെ റോഡ് ഷോയാക്കി വ്യാജപ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ എന്ന പേരിലാണ് വാജ്‌പേയിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ഇന്റര്‍നെറ്റിലെ വ്യാജവ്യാര്‍ത്തകള്‍ കണ്ടെത്തുന്ന ബൂംലൈവാണ് ബിജെപി. അനുകൂല  ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന വ്യാജവീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ടത്. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഫെയ്‌സ്ബുക്ക് തയ്യാറാക്കിയ ഇന്ത്യന്‍ മാധ്യമ പാനലിലെ അംഗമാണ് ബൂംലൈവ്.

മോദിയുടെ റോഡ് ഷോ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ വാജ്‌പേയിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങളാണെന്ന് ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 16-നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചത്. ഓഗസ്റ്റ് 17-നായിരുന്നു സംസ്‌കാരം. ഇതിന് മുന്നോടിയായാണ് വിലാപയാത്ര സംഘടിപ്പിച്ചത്. അന്നേദിവസം വിവിധ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്ത വിലാപയാത്രയുടെ ദൃശ്യങ്ങളും ബൂലൈവ് പുറത്തുവിട്ടിട്ടുണ്ട്.

ആയിരങ്ങള്‍ക്കിടയിലൂടെ മോദിയും അമിത് ഷായും നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു സിംഹം നടന്നുനീങ്ങുന്നത് എങ്ങനെയാണെന്ന് കണ്ണുതുറന്നു കാണൂ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി ബി.ജെ.പി. അനുകൂല അക്കൗണ്ടുകളില്‍നിന്നും വ്യാപകമായി ഷെയര്‍ ചെയ്തിട്ടുമുണ്ട്.