കൊല്ലത്ത്‌ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ വിജയിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

single-img
18 April 2019

മികച്ച പാർലമെന്റേറിയനുള്ള സംൻസത് രത്ന പുരസ്‌കാര ജേതാക്കളായ രണ്ടുപേർ തമ്മിലുള്ള മത്സരം എന്നതാണ് കൊല്ലം പാർലമെൻറ് മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. യുഡിഎഫിലെ സിറ്റിംഗ് എംപി കൂടിയായ എൻ കെ പ്രേമചന്ദ്രനെ നേരിടാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ രാജ്യസഭ അംഗവുമായ കെ ൻ ബാലഗോപാലിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുപ്പത്തിയേഴായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടിയ എൻ കെ പ്രേമചന്ദ്രൻ തന്നെയാകും ഇത്തവണയും വിജയിക്കുന്നത് എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. എന്നാൽ ആ വിശ്വാസങ്ങളെയും വിവിധ ചാനലുകൾ നടത്തിയ സർവ്വേകളേയുമൊക്കെ തള്ളിക്കളയാവുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.

കൊല്ലം മണ്ഡലത്തിൽ ഏകദേശം പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ വിജയിക്കുമെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. സിറ്റിംഗ് എംപിയായ എൻ കെ പ്രേമചന്ദ്രൻ ഏകദേശം മുപ്പത്തിയേഴായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ പതിനായിരത്തിലധികം വോട്ടുകളോടെ വിജയിക്കുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ട് വന്നിരിക്കുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ആർഎസ്പിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ചവറയിൽ കഴിഞ്ഞ തവണ 25000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ആണ് ചവറ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പ്രേമചന്ദ്രന് ലഭിച്ചത്. അത് ഇത്തവണ ഗണ്യമായി കുറയും. അതായത് ഏകദേശം പതിനായിരത്തിലധികം വോട്ടുകൾ പ്രേമചന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ കുറയുമെന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട്.

ചവറ കഴിഞ്ഞാൽ പിന്നെ കൊല്ലം നിയോജക മണ്ഡലത്തിലാണ് എൻ കെ പ്രേമചന്ദ്രന് ഏറ്റവും കൂടുതൽ ഭൂരിപക്ഷമുണ്ടായിരുന്നത്. 2014 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് കൊല്ലത്ത് കിട്ടിയത്. അത് ഇത്തവണ ഗണ്യമായി കുറയും

അതായത് ഇന്റലിജെൻസ് റിപ്പോർട്ട് പ്രകാരം ഏകദേശം പതിനായിരത്തിലധികം വോട്ടുകൾ കൊല്ലം നിയമസഭാമണ്ഡലത്തിൽ നിന്നും പ്രേമചന്ദ്രന് കുറവ് ലഭിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. ആർ എസ് പി യ്ക്ക് സ്വാധീനമുള്ള മറ്റൊരു കേന്ദ്രമാണ് ഇരവിപുരം നിയമസഭാ മണ്ഡലം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 7000 വോട്ടുകൾ ആണ് എൻ കെ പ്രേമചന്ദ്രൻ അവിടെ നേടിയ ഭൂരിപക്ഷം. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നതാണ് ഇന്റലിജെൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിറ്റിംഗ് എംൽഎ എം നൗഷാദിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനത്തിലൂടെ ഏകദേശം മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കെ എൻ ബാലഗോപാൽ നേടുമെന്നാണ് ഇന്റലിജെൻസിന്റെ കണ്ടെത്തൽ. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഏകദേശം 12000ത്തിലധികം വോട്ടുകൾ ഭൂരിപക്ഷം എൽഡിഎഫ് നേടുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2014 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ശ്രീ എം എ ബേബിയെ എൻ കെ പ്രേമചന്ദ്രൻ പരാജയപ്പെടുമ്പോൾ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്നും ഏകദേശം ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ആണ് പ്രേമചന്ദ്രന് ലഭിച്ചത്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നാണ് റിപ്പോർട്ട്. ഏകദേശം നാലായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം കെ എൻ ബാലഗോപാലിന് ഇത്തവണ ലഭിക്കുമെന്നാണ് കുണ്ടറ നിയോജകമണ്ഡലത്തിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.